നയാഗർഗ്: 1933ലുണ്ടായ ശക്തമായ വെളളപ്പൊക്കത്തിൽ മുങ്ങിപ്പോയ ക്ഷേത്രം കണ്ടെത്തി. ഒഡീഷയിലെ നയാഗർഗിൽ മഹാനദിയിൽ കണ്ടെത്തിയ ഈ ക്ഷേത്രം 15,16 നൂറ്റാണ്ടുകളിൽ നിർമ്മിച്ചതാണ്. ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ ഏറ്റവും ഉയർന്ന ഭാഗമാണ് വെളളത്തിനു മുകളിൽ കണ്ടത്. 90 വർഷം മുൻപുണ്ടായ പ്രളയത്തിൽ മഹാനദി ഗതി മാറി ഒഴുകി ക്ഷേത്രവും അടുത്തുളള ഗ്രാമവും പൂർണ്ണമായും വെളളത്തിനടിയിലായി. ദേശീയ കലാ സാംസ്കാരിക പൈതൃക ട്രസ്‌റ്റ് സ്ഥലത്ത് നടത്തിയ ഗവേഷണത്തിലാണ് ക്ഷേത്രം കണ്ടെത്തിയത്.
ഗോപിനാഥ ക്ഷേത്രം എന്നാണ് ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. 450-500 വർഷം പഴക്കം ഇതിനുണ്ട്. പ്രളയ സമയത്ത് ക്ഷേത്രത്തിലെ വിഗ്രഹം മറ്റൊരു ക്ഷേത്രത്തിലേക്ക് സുരക്ഷിതമായി മാറ്റിയിരുന്നു. 60 അടിയോളം ഉയരമുണ്ട് ക്ഷേത്രത്തിനെന്നും ട്രസ്‌റ്റ് ചീഫ് അനിൽ കുമാർ ധീർ പറഞ്ഞു. 11 വർഷം മുൻപും ക്ഷേത്രത്തിന്റെ മുകൾ ഭാഗം നദിയുടെ മുകളിൽ കണ്ടിരുന്നു. അതിന് ശേഷം ക്ഷേത്രം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഗവേഷകർ. ഏതാണ്ട് 65 ക്ഷേത്രങ്ങൾ ഇത്തരത്തിൽ ഈ ഭാഗത്ത് ജലത്തിനടിയിലാണ്. എന്നാൽ ഗോപിനാഥ ക്ഷേത്രത്തിന്റെ ഗോപുരം മാത്രമാണ് പുറത്ത് കാണാനായത്.