cm

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 75 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 90 പേർക്ക് രോഗമുക്തരായി. വിദേശത്തു നിന്നു വന്ന 53 പേർക്കും, അന്യസംസ്ഥാനങ്ങളിൽ നിന്നുവന്ന 19 പേർക്കും, സമ്പർക്കത്തിലൂടെ മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനയുമായുണ്ടായ അതിർത്തി തർക്കത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം ആരംഭിച്ചത്.

തിരുവനന്തപുരം- 3, കൊല്ലം- 14, പത്തനംതിട്ട- 1, ആലപ്പുഴ- 1, കോട്ടയം- 4, എറണാകുളം- 5, തൃശൂർ- 8, മലപ്പുറം- 11, പാലക്കാട്- 6, കോഴിക്കോട്- 6, വയനാട്- 3, കണ്ണൂർ- 4, കാസർകോട്- 9 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്. സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് നമ്മുടെ സംസ്ഥാനത്തെ കണക്കാണ്. വിദേശരാജ്യങ്ങളിൽ ഇന്നലെ വരെ 277 മലയാളികൾ കൊവിഡ് മൂലം മരിച്ചു. രാജ്യത്തിനകത്ത് ഡൽഹി,മുംബയ്,ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിൽ കേരളീയർ കൊവിഡ് ബാധിച്ച് മരണമടയുന്ന വാർത്തകളും വരുന്നുണ്ട്. ഇന്ന് ഡൽഹിയിൽ ഒരു മലയാളി നഴ്സ മരണമടഞ്ഞു. ഇതെല്ലാം സൂചന നാം നേരിടുന്ന അവസ്ഥ അതിഗുരുതരമാണ് എന്നാണ്. അതിനാൽ തന്നെ ഈ രോഗം കൂടുതൽ പേരിലേക്ക് പകരുന്നത് ഒഴിവാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ട ഘട്ടമാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്: മഹാരാഷ്ട്ര-8, ഡൽഹി-5,തമിഴ്നാട്-4, ആന്ധ്ര,ഗുജറാത്ത് ഒന്നുവീതം.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2697 ആയി. 1351 പേർ ചികിത്സയിലുണ്ട്. 1,25,307 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1989 പേർ ആശുപത്രികളിലാണ്. 203 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,22,466 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 3019 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് നാം പ്രവേശിച്ചു. പുറമെ നിന്നു വന്ന പ്രായാധിക്യമുള്ള, മറ്റു രോഗങ്ങളുള്ളവരാണ് മരിച്ചത്. ശാരീരിക അകലം, മാസ്‌ക് ശീലമാക്കൽ, സമ്പർക്കവിലക്ക് ശാസ്ത്രീയമായി നടപ്പാക്കൽ, റിവേഴ്സ് ക്വാറന്റീൻ എന്നിവ നല്ല രീതിയിൽ നാം നടപ്പാക്കി. ഇതു തുടർന്നും ചെയ്തു കഴിഞ്ഞാൽ രോഗബാധ തടഞ്ഞു നിർത്താം. നിയന്ത്രണങ്ങൾ സ്വയം പിന്തുടരണം. മറ്റുള്ളവരെ രോഗ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിക്കണം. എല്ലാവരും ആരോഗ്യ സന്ദേശപ്രചാരകരായി മാറണമെന്നും പിണറായി വിജയൻ പറഞ്ഞു.

സംസ്ഥനത്ത് നിലവിൽ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 110 ആണ്. കൊവിഡ് ഇതരരോഗികളുടെ ചികിത്സ സർക്കാരാശുപത്രികളിൽ തുടങ്ങി. സ്വകാര്യാശുപത്രികളിലും ഇത് ഉടൻ തുടങ്ങും. കൊവിഡിന്റെ സാമൂഹ്യവ്യാപനം അറിയാനുള്ള ആന്റിബോഡി ടെസ്റ്റും പുരോഗമിക്കുകയാണ്. സ്വകാര്യ ലാബുകളിലെ ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെലവ് മറ്റ് ചില സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും സർക്കാർ നിശ്ചയിച്ച് നിയന്ത്രിക്കണമെന്ന് വിദഗ്‌ദ്ധ സമിതി നൽകിയിട്ടുണ്ട്. ഇതിൽ തീരുമാനം ഉടൻ ഉണ്ടാവും.

ഐ.സി.എം.ആർ അംഗീകരമുള്ള 30 മിനിറ്റിനകം ഫലം വരുന്ന ദ്രുതപരിശോധനാകിറ്റുകൾ കേരളത്തിലും ഉപയോഗിക്കണം എന്ന ശുപാർശയും പരിഗണിക്കും. യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വന്നപ്പോൾ കേരളത്തിൽ കൊവിഡ് പൊസീറ്റീവ് എണ്ണം ഗണ്യമായി കൂടി. മേയ് 8ന് ശേഷമുള്ള കണക്കുകൾ ഇത് സൂചിപ്പിക്കുന്നു. മേയ് 8ന് 16 പുതിയ രോഗികൾ മാത്രമായിരുന്നു. ഇന്ന് അത് 2697 ആയി. അന്നുവരെ 503 രോഗികളേ ഉണ്ടായിരുന്നുള്ളൂ.

വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും സ്വീകരിക്കുക തന്നെയാണ് ചെയ്യുന്നത്. ഇതിൽ മാറ്റമില്ല. സമ്പർക്കത്തിലൂടെ രോഗം പടരുന്നത് തടയും. ഇക്കാര്യത്തിൽ മുൻകരുതലില്ലെങ്കിൽ രോഗവ്യാപനത്തോത് കൈവിട്ട് പോകും. ഈ ജാഗ്രതയുടെയും മുൻകരുതലിന്റെയും ഭാഗമായാണ് അവർ പുറപ്പെടുന്നിടത്ത് കൊവിഡ് പരിശോധന വേണമെന്ന് സർക്കാർ പറഞ്ഞത്.