നീ ഞങ്ങൾക്ക് ആരൊക്കെയോ ആയിരുന്നു. സഹോദരൻ, സ്നേഹിതൻ, വിശ്വസിച്ചു ചേർത്തുപിടിച്ച ഒരു ആത്മസുഹൃത്ത്. എല്ലാത്തിനേക്കാളുമുപരി നീ ഞങ്ങളുടെ ഹൃദയമായിരുന്നു. ചോരത്തുള്ളികളിലൂടെ ജീവൻ പകുത്തു നൽകിയവൻ, ഞങ്ങളുടെ സ്വന്തം ചന്ദ്രേട്ടൻ. ഞങ്ങൾ അവനെ അങ്ങനെയാണ് വിളിക്കുന്നത്.""
മലയാളികളുടെ മനസിന്റെ നൊമ്പരമായി മാറിയ നിതിനെക്കുറിച്ച് എല്ലാവർക്കും പറയാനുള്ളത് ഇതുമാത്രം. സ്നേഹത്തിന്റെയും അനുകമ്പയുടെയും മുഖം. ആ വേർപാട് ഇപ്പോഴും വിശ്വസിക്കാൻ ആ കൂട്ടുകാർക്ക് കഴിയുന്നില്ല. കൊവിഡ് കാലത്ത് ഗർഭിണികൾക്ക് പിറന്നനാട്ടിലേക്ക് എത്താനായി നിയമനടപടികളുടെ മുൻനിരയിലുണ്ടായിരുന്ന ആളായിരുന്നു നിതിൻ ചന്ദ്രൻ. ഗർഭിണിയായ ഭാര്യ ആതിരയ്ക്കൊപ്പം ആ പോരാട്ടത്തിനൊടുവിൽ നാട്ടിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലും നിതിൻ വ്യത്യസ്തനായത് തനിക്ക് ലഭിച്ച യാത്രാടിക്കറ്റ് ഏറ്റവും അർഹനായ മറ്റൊരാൾക്ക് നൽകിയായിരുന്നു. പക്ഷേ, വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു, ജീവൻ നഷ്ടപ്പെട്ടായിരുന്നു നിതിൻ സ്വദേശമായ കോഴിക്കോട് എത്തിയത്.
നിതിനെക്കുറിച്ച് നന്നായി അറിയുന്ന കൂട്ടുകാർക്കൊന്നും ആ നന്മജീവിതത്തെക്കുറിച്ച് ഒട്ടും അത്ഭുതമില്ല.അവർക്കറിയുന്ന, അവരുടെ ജീവനായിരുന്ന നിതിൻ പണ്ടേ ഇങ്ങനെയാണ്. മറ്റുള്ളവരുടെ കണ്ണീരൊപ്പാനായിരുന്നു എന്നുമവൻ മുന്നിലുണ്ടായിരുന്നത്. മെക്കാനിക്കൽ എൻജിനീയറിംഗ് പഠിക്കുന്ന സമയം മുതൽ നിതിൻ ചന്ദ്രന്റെ കൂടെ ഉണ്ടായിരുന്നവരാണ് ഉറ്റസുഹൃത്തുക്കളായ നിഥിൻ കൃഷ്ണയും റുഫ്സിദും. അവരുടെ ഉള്ളിലും കൂട്ടുകാരന്റെ ഓർമ്മകളുടെ വിങ്ങലാണുള്ളത്. മാവേലിക്കര സ്വദേശിയായ നിഥിൻ കൃഷ്ണ മെക്കാനിക്കൽ എൻജിനിയറായി പൂനയിൽ ജോലി ചെയ്യുകയാണ്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ് റൂഫ്സിദ്.
''സുഹൃത്തുക്കളെല്ലാവരും ചേർന്ന് ഒരു വെർച്വൽ മീറ്റിംഗ് നടത്തണമെന്ന് കുറച്ചു മുമ്പ് നിതിൻ ഞങ്ങളുടെ ഗ്രൂപ്പിൽ മെസേജ് അയച്ചിരുന്നു. പക്ഷേ ആ ആഗ്രഹം നടത്താൻ സാധിച്ചില്ല. കോളേജിൽ ചന്ദ്രേട്ടനും കൃഷ്ണേട്ടനുമായാണ് ഞങ്ങൾ അറിയപ്പെട്ടിരുന്നത്. 2005 - 2013 ബാച്ച് ആയിരുന്നു. 2010ൽ ലാറ്ററൽ എൻട്രി വഴിയാണ് നിതിൻ ഞങ്ങളുടെ അടുത്തേക്ക് എത്തിയത്. ഞങ്ങൾ ഒന്നിച്ചായിരുന്നു താമസം. കള്ളത്തരം കാണിക്കുന്നതും നുണപറയുന്നതോ ഒന്നും അവന് ഇഷ്ടമായിരുന്നില്ല. രക്തദാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പണ്ടുമുതലേ ആക്ടീവായിരുന്നു. ആര് എന്ത് പ്രശ്നത്തിൽ അകപ്പെട്ടാലും അവരെ സഹായിക്കാൻ ആദ്യം മുന്നോട്ടിറങ്ങുന്നത് നിതിനായിരുന്നു. രക്തദാന പ്രവർത്തനങ്ങളിൽ എല്ലാവരെയും ഒന്നിപ്പിച്ചത് അവനായിരുന്നു. നാട്ടിലും സാമൂഹിക സേവനമേഖലയിൽ മുന്നിലുണ്ടായിരുന്നു. കോളേജിൽ പഠിക്കുമ്പോഴും ഏതു പ്രശ്നങ്ങളിലും പ്രതികരിക്കുകയും അർഹരായവർക്കൊപ്പം നിൽക്കുകയും ചെയ്തിരുന്നു. ശരി ഏതെന്ന് വ്യക്തമായി തിരിച്ചറിയുകയും ആ ശരിക്കൊപ്പം നിഴലായി കൂടെ നിൽക്കാനും എന്നും ശ്രമിച്ചിരുന്നു. എല്ലാവരോടും സ്നേഹമായിരുന്നു. എല്ലാവരിലും നന്മ കണ്ടൊരാൾ.""
ജീവിതത്തിലെ ദുർഘടസാഹചര്യത്തിലൂടെ കടന്നുപോകുന്ന ഏതു സുഹൃത്തിന്റെയും മനസിൽ ആദ്യം വരുന്ന മുഖം നിതിന്റേതായിരിക്കും. മറ്റുള്ളവർക്കൊപ്പം എന്നും അവനുണ്ടായിരുന്നു, ആ യാത്രയാണ് പാതിവഴിയിൽ അവസാനിച്ചത്. ഒന്നിച്ചുണ്ടായിരുന്നപ്പോൾ മനസിലെ സ്വപ്നങ്ങളും ആശയങ്ങളുമൊക്കെ പങ്കുവയ്ക്കുമായിരുന്നു. കോളേജ് ലൈഫിനുശേഷവും ചന്ദ്രേട്ടൻ ഞങ്ങൾക്കൊപ്പം മനസുകൊണ്ട് ഉണ്ടായിരുന്നു. അത്രമേൽ ഹൃദ്യമായ ഒരാൾ.""
കോളേജിൽ പഠിക്കുന്ന സമയത്ത് നിതിൻ ചന്ദ്രന്റെ കൂടെ താമസിച്ചിരുന്ന മറ്റൊരു സുഹൃത്താണ് റുഫ്സിദ്. നിതിന്റെ വേർപാട് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
''അവനെ ഞങ്ങളെല്ലാവരും വല്ലാതെ മിസ് ചെയ്യുന്നുണ്ട്. കുറെ നല്ല ഓർമ്മകൾ ഞങ്ങളുടെ മനസിൽ ഉണ്ട്. ഞങ്ങളോട് പറഞ്ഞുവച്ച കുറേ കാര്യങ്ങളുണ്ട്. അതിൽ നിറയെ അവന്റെ സ്വപ്നങ്ങളായിരുന്നു. അവൻ പൂർത്തിയാക്കാതെ പോയ കുറേ കാര്യങ്ങൾ. അത് ഞങ്ങൾ പൂർത്തിയാക്കും. ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കളെല്ലാം അതിന്റെ പുറകെ ആണ്. അവൻ പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഇപ്പോഴും നിതിൻ കൂടെയുണ്ട്. ആ വിശ്വാസമില്ലാതെ ഒരടി പോലും ഞങ്ങൾക്ക് മുന്നോട്ടു പോകാൻ കഴിയുമായിരുന്നില്ല. ആ ഒരു തോന്നലാണ് എല്ലാത്തിനും ധൈര്യം പകരുന്നത്. കോളേജിൽ വടംവലി മത്സരം നടത്തുമ്പോൾ ഏറ്റവും അറ്റത്താണ് അവൻ നിൽക്കുക. അവൻ നിന്നാൽ ഉറപ്പായും ആ ടീം ജയിക്കുമായിരുന്നു. ശാരീരികാരോഗ്യമല്ല, മനഃസാന്നിദ്ധ്യമാണ് അവിടെ ജയിക്കുന്നതെന്ന് ഞങ്ങൾക്കെല്ലാം അറിയാം. കോളേജിലെ പരിപാടികളിൽ മുൻനിരയിൽ നിതിനുണ്ടായിരുന്നു. മുഖ്യസംഘാടകൻ അവനായിരുന്നു. ആരെങ്കിലും സഹായം ചോദിച്ചാലും ഇല്ലെങ്കിലും കണ്ടറിഞ്ഞ് അവൻ ചെയ്യുമായിരുന്നു. വിദേശത്ത് പോയപ്പോഴും ആ സ്വഭാവം അതേ പോലെ പിന്തുടർന്നു. അവിടെ ചെയ്യുന്ന കാര്യങ്ങളെല്ലാം അവൻ സുഹൃത്തുക്കളുടെ ഗ്രൂപ്പിൽ ചർച്ച ചെയ്യുമായിരുന്നു. ഗർഭിണികളെ കേരളത്തിലെത്തിക്കുന്ന വിഷയം ചർച്ചയായപ്പോൾ സുപ്രീം കോടതിയെ സമീപിക്കുന്ന അവസരത്തിലും അവൻ ഞങ്ങളോട് ചർച്ച ചെയ്തിരുന്നു. നല്ല സൗഹൃദങ്ങളാണ് നമ്മെ നല്ല മനുഷ്യരാക്കുന്നത് എന്ന് പറയില്ലേ, കൂടെയുള്ളവരെയൊക്കെ നല്ല മനുഷ്യരാക്കാൻ അവൻ എപ്പോഴും ശ്രമിച്ചിരുന്നു. ഞങ്ങൾ സുഹൃത്തുക്കൾക്കിടയിലെ ഹീറോ ആയിരുന്നു."" റുഫ്സിദ് ഓർത്തു.
നിതിനെക്കുറിച്ചുള്ള ഓർമ്മകളിൽ ഏറെ മാതൃകയായ ഒരു വിദ്യാർത്ഥിയെയാണ് അദ്ധ്യാപകൻ രാഗേഷ് കാണുന്നത്. നിതിൻ പഠിച്ച കോളേജിലെ വിദ്യാർത്ഥികൾക്കെല്ലാം ഒരേപോലെ പ്രിയങ്കരനായ അദ്ധ്യാപകൻ.
''നിതിൻ കോളേജിലെ എല്ലാ പരിപാടികളുടെയും സംഘാടകനായിരുന്നു. എന്തെങ്കിലും ഒരു ഉത്തരവാദിത്തം നിതിനെ ഏല്പിച്ചാൽ അത് ഏറ്രവും ഭംഗിയായി ചെയ്തുതീർക്കുന്ന ഞങ്ങളുടെ ഉത്തമവിദ്യാർത്ഥി. കോളേജിൽ ഉണ്ടായിരുന്ന സമയത്ത് തന്നെ സാമൂഹിക പ്രതിബദ്ധത കാണിച്ചിരുന്നു. രക്തദാനസന്ദേശം എല്ലായിടങ്ങളിലും ശക്തമായ രീതിയിൽ പ്രചരിപ്പിക്കാൻ നിതിന്റെ മനസിൽ കുറേ സ്വപ്നങ്ങളുണ്ടായിരുന്നു. നിതിന്റെ സ്വപ്നങ്ങൾക്ക് പിന്നാലെയുള്ള യാത്രയിലാണ് ഇപ്പോൾ സുഹൃത്തുക്കൾ. അവനെ ഓർക്കേണ്ടത് ഇങ്ങനെയുള്ള സ്നേഹാദരത്തിലൂടെയാണ്.""
കുടുംബവുമായി ഏറെ അടുത്തുനിൽക്കുന്ന പ്രകൃതമായിരുന്നു നിതിന്റേത് എന്ന് സുഹൃത്തുക്കൾ ഓർത്തെടുക്കുന്നു. ഒരു അവധി കിട്ടിയാൽ എത്രയും പെട്ടെന്ന് വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നൊരാൾ. കുടുംബത്തെ സദാ കൂടെ നിറുത്തിയിരുന്നു.
''ആതിരയെ ജീവനായിരുന്നു. ആതിരയെക്കുറിച്ച് സംസാരിക്കുമ്പോൾ ആൾ വളരെ കെയറിംഗ് ആകുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. കുഞ്ഞുവാവ വരുമ്പോഴേക്കും ഇങ്ങോട്ടെത്തിയേക്കാമെന്നായിരുന്നു അവസാനം വിളിച്ചപ്പോഴും ചന്ദ്രേട്ടൻ പറഞ്ഞത്. പക്ഷേ... കുഞ്ഞുവാവ വന്നപ്പോഴേക്കും എത്താമെന്നു പറഞ്ഞ അവൻ തിരിച്ചുവന്നത് ഏവരെയും നിരാശയിലാഴ്ത്തിയാണ്. ആ അച്ഛന്റെ ജീവസ്പർശം മകളിലേക്ക് പതിഞ്ഞിരിക്കണം. അവളും അച്ഛനെ പോലെ നല്ലൊരു മനുഷ്യനായി വളരട്ടെ..."" നിതിൻ ബാക്കിയാക്കിയ സ്വപ്നങ്ങൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കൾ. നിതിന്റെ വേർപാട് സൃഷ്ടിച്ച സങ്കടക്കടലിൽ നിന്ന് ഇനിയും ആരും മോചിതരായിട്ടില്ല. ഓർമ്മകളിൽ കുറേ തമാശകളും നല്ല നിമിഷങ്ങളും മാത്രം ബാക്കി നിൽക്കുന്നു.