ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ 20 ഇന്ത്യൻ സൈനികരുടെ മരണത്തിനിടയാക്കിയ സംഘർഷത്തിന് ശേഷം നയതന്ത്രതലത്തിൽ പ്രശ്ന പരിഹാരത്തിന് ഇരുരാജ്യങ്ങളും ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മിലാണ് ടെലിഫോൺ വഴി ചർച്ച നടത്തിയത്. അതിർത്തിയിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് വിവരം. ഇന്ത്യൻ സൈനികർക്ക് നേരെ നടന്ന ക്രൂരമായ ആക്രമണങ്ങൾ അടക്കമുള്ള വിഷയങ്ങൾ ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികരുടെ പിൻമാറ്റം എത്രയും വേഗം പൂർത്തിയാക്കാൻ ചർച്ചയിൽ തീരുമാനമായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സംഘർഷം രമ്യമായി പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായും റിപ്പോർട്ടുണ്ട്. അതേസമയം ചർച്ചയെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ചൈനീസ് സൈനികരെ പ്രകോപിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തതാണ് കിഴക്കൻ ലഡാക്കിലുണ്ടായ ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യയുമായി കൂടുതൽ അതിർത്തി സംഘർഷങ്ങൾക്ക് ആഗ്രഹിക്കുന്നില്ലെന്നും പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലി ജിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.