
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധന. ഇന്ന് മാത്രം കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയവരുടെ എണ്ണം 90 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണത്തിലുള്ള വർദ്ധന സംസ്ഥാനത്തിന് ആശ്വാസമായി. അതേസമയം 75 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 20 പേരാണ് മരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 19 പേരാണ്. സമ്പർക്കം മൂലം 3 പേർക്കാണ് രോഗം വന്നത്.
വിദേശരാജ്യങ്ങളിൽ ഇന്നലെ വരെ 277 മലയാളികൾ രോഗം ബാധിച്ച് മരിച്ചു. രാജ്യത്തിനകത്ത് വിവിധ നഗരങ്ങളിലായി കേരളീയർ കൊവിഡ് ബാധിച്ച് മരണമടയുന്ന വാർത്ത കേൾക്കുന്നു. ഇന്നും ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി മരിച്ചു. ഇതെല്ലാം നൽകുന്ന സൂചന നാം നേരിടുന്ന അവസ്ഥ ഗുരുതരമാണെന്നാണ്. അതുപോലെ ഈ രോഗം കൂടുതൽ പേരിലേക്ക് പകരുന്നത് ഒഴിവാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചൈനീസ് അതിർത്തിയിൽ നടന്ന സംഘർഷത്തിൽ വീരമൃത്യു മരിച്ച സൈനികർക്ക് ആദരമർപ്പിച്ചായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്. സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.