ഊട്ടി: എളിയ ജീവിതം കൊണ്ട് വലിയ പാഠങ്ങൾ ചൊല്ലിക്കൊടുത്ത, വിദ്യാഭ്യാസ വിദഗ്ദ്ധനും ഊട്ടിയിലെ ഗുഡ് ഷെപ്പേഡ് ഇന്റർനാഷണൽ സ്കൂളിന്റെ സ്ഥാപകനും പ്രിൻസിപ്പലുമായ ഡോ.പി.സി. തോമസിന് (77) ലോകമെമ്പാടുമുള്ള ശിഷ്യർ വിടചൊല്ലി. ചൊവ്വാഴ്ച ഊട്ടിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം വെള്ളിയാഴ്ച ഗുഡ് ഷെപ്പേർഡ് സ്കൂൾ ചാപ്പലിൽ നടക്കും.
ലോകമാകെ ശിഷ്യരുള്ള ഡോ.പി.സി. തോമസ് തന്റെ ജീവിതം പകർത്തിയ പുസ്തകത്തിന്റെ പേര്, ‘ജീവിതം എന്ന എളിയ സംരംഭം’ എന്നാണ്.
സ്വന്തമായ അദ്ധ്വാനവും സ്വപ്നവും കൂട്ടിച്ചേർത്താൽ ഊട്ടി ഗുഡ്ഷെപ്പേർഡ് പോലൊരു അന്താരാഷ്ട്രസ്കൂൾ സ്ഥാപിക്കാനാകുമെന്ന് മലയാളിയെ ബോദ്ധ്യപ്പെടുത്താൻ ഡോ.പി.സി. തോമസിനായി.
തന്റെ ഗുരുവായ പാലാ സെന്റ് തോമസ് കോളേജിലെ പ്രൊഫ. കെ.രാമകൃഷ്ണപിള്ളയുടെ വാക്കുകളാണ് തോമസിനെ സ്വപ്നത്തിലേക്ക് കൈപിടിച്ച് നടത്തിയത്.
‘‘ഒരിക്കൽ തോമസ് വലിയൊരു സ്കൂൾ ആരംഭിക്കും. അതൊരു കുന്നിൻ പ്രദേശത്താകും. കുറേപ്പേർക്ക് തൊഴിൽ നൽകുക മാത്രമല്ല ആ ഗ്രാമം ഉണരും.’’ - എന്നാണ് രാമകൃഷ്ണപിള്ള പറഞ്ഞത്. ആ വാക്കുകൾ അന്വർത്ഥമാക്കി പിന്നീട് ആയിരക്കണക്കിന് കുട്ടികളുടെ ജാതകം മാറ്റിയെഴുതുന്ന സ്കൂളിന് ഉടമയായി തോമസ്.
കോട്ടയം ഏറ്റുമാനൂർ പാഴോനായിൽ കുടുംബാംഗമാണ്. അന്തരിച്ച നടൻ ജോസ് പ്രകാശിന്റെ മകൾ എൽസമ്മയാണു ഭാര്യ. മക്കൾ: ജേക്കബ് തോമസ്, ജൂലി. മരുമകൻ: പ്രതീഷ് ലോറൻസ്.
ജീവിതരേഖ
കോട്ടയം ഏറ്റുമാനൂരിലെ പ്രതാപമുള്ള പ്ലാന്റർമാരുടെ കുടുംബത്തിൽ ചാക്കോയുടെയും ത്രോസ്യാമ്മയുടെയും മകൻ.
തിരുവനന്തപുരം ലയോള സ്കൂൾ, ബിജാപൂർ സൈനിക് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായും അറവങ്കാട് കോർഡെറ്റ് ഫാക്ടറി സ്കൂൾ, ഊട്ടി ബ്രിക്സ് മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാദ്ധ്യാപകനുമായി ജോലി ചെയ്തു.
കുടുംബഓഹരി വിറ്റും ലോണെടുത്തും 1977 ൽ ഊട്ടിയിൽ ഗുഡ്ഷെപ്പേഡ് സ്കൂൾ ആരംഭിച്ചു.
ക്ളാസ്‌മുറികൾക്ക് പുറമെ, 40 ഏക്കർ സ്കൂൾവളപ്പിൽ സ്വന്തമായി ആശുപത്രി, പച്ചക്കറി, മീൻ, മാംസം എന്നിവ ഉത്പാദിപ്പിക്കുന്ന ഫാം, ബേക്കറി, ചാപ്പലും പള്ളിയും എന്നിവ സജ്ജീകരിച്ച് സ്വയം പര്യാപ്തത നേടി.
ലോകത്തെ മികച്ച 3 പ്രീ യൂണിവേഴ്സിറ്റി പരീക്ഷാ സമ്പ്രദായങ്ങൾ അവതരിപ്പിക്കുന്ന ഈ വിദ്യാലയത്തിൽ 50ഓളം രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിച്ചിട്ടുണ്ട്.
രാജ്യാന്തര ഏജൻസികളുടെ അക്രഡിറ്റേഷനും ലഭിച്ചു.
പാലടയിലും ഫേൺഹില്ലിലുമുള്ള സ്‌കൂൾ കാമ്പസുകൾക്ക് പുറമേ ഗുഡ് ഷെപ്പേഡ് ഫിനിഷിംഗ് സ്കൂളും സ്ഥാപിച്ചു.
സ്കൂളിന്റെ പശ്ചാത്തലത്തിൽ ‘ഗോൾ’ എന്ന സിനിമ നിർമ്മിച്ചു. ‘ഹലോ സാർ’ എന്ന പേരിൽ മറ്റൊരു സിനിമ നിർമ്മിക്കാനിരിക്കുകയായിരുന്നു.
റോട്ടറി ഗവർണറും ഇന്റർനാഷനൽ ഡയറക്ടർ ഓഫ് സോണും ആയിരുന്നു പി.സി. തോമസ്.
ചെന്നൈയിൽ സുനാമി ദുരിതാശ്വാസ മേഖലയിൽ ഉൾപ്പെടെ തോമസിന്റെ സേവനം രാജ്യാന്തര ശ്രദ്ധ നേടി.
ഡോ.പി.സി. തോമസ് ഫൗണ്ടേഷൻ രൂപീകരിച്ചു സാമൂഹ്യപ്രവർത്തനങ്ങളിൽ സജീവമായി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.