തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് ജാഗ്രതയുടെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധനയ്ക്ക് സൗകര്യമേർപ്പെടുത്താൻ കേന്ദ്രം ഇടപെടണം. ഇക്കാര്യം കേന്ദ്രത്തോട് നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു.
വന്ദേഭാരത് മിഷൻ തുടങ്ങിയപ്പോൾ തന്നെ പരിശോധനയുടെ കാര്യം കേരളം ആവശ്യപ്പെട്ടിരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. രോഗം ഉള്ളവരെയും ഇല്ലാത്തവരെ ഒരുമിച്ച് കൊണ്ടുവരരുത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യപരിശോധന ലഭ്യമാക്കണം. പി.സി.ആർ ടെസറ്റ് പറ്റിയില്ലെങ്കിൽ ആന്റിബോഡി ടെസ്റ്റോ, ട്രൂനാറ്റ് ടെസ്റ്റോ ആകാം. ടകൊവിഡ് ബാധിതരെ ഇങ്ങോട്ട് പ്രവേശിപ്പിക്കരുതെന്ന് സംസ്ഥാനം പറഞ്ഞിട്ടില്ല. പരിശോധന നടത്തണം എന്നുമാത്രമാണ് ആവശ്യപ്പെട്ടത്. എന്നാൽ ചിലർ സംസ്ഥാന സർക്കാർ പ്രവാസികൾക്ക് എതിരാണ് എന്ന് പ്രചാരണം നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ ചില കേന്ദ്രമന്ത്രിമാരും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.