കൊൽക്കത്ത: ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട ബംഗാൾ സ്വദേശികളായ സൈനികരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി. ശിപായി രാജേഷ് ഒറാങ്ക്, ബിപുൽ റോയ് (ജനറൽ ഡ്യൂട്ടി) എന്നിവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും അടുത്ത ബന്ധുക്കളിലൊരാൾക്ക് സർക്കാർ ജോലിയും നൽകുമെന്ന് മമത ട്വീറ്റ് ചെയ്തു.
'രാജ്യത്തിന് വേണ്ടിയുള്ള അവരുടെ ത്യാഗത്തിന് പകരംവയ്ക്കാൻ മറ്റൊന്നും സാധിക്കില്ല. ഈ പ്രതിസന്ധിഘട്ടത്തിൽ സൈനികരുടെ കുടുംബത്തിനൊപ്പം നിൽക്കുന്നു."- മമത ട്വിറ്ററിൽ കുറിച്ചു. കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ഒരു കേണൽ ഉൾപ്പെടെ 20 സൈനികരാണ് കൊല്ലപ്പെട്ടത്.
തമിഴ്‌നാട്ടിൽനിന്നുള്ള സൈനികൻ ഹവിൽദാർ കെ. പളനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അടുത്ത ബന്ധുക്കളിലൊരാൾക്ക് സർക്കാർ ജോലിയും നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി നേരത്തെ പ്രഖ്യാപിച്ചിരുന്നു.