1

തെങ്ങമം (പത്തനംതിട്ട)​: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി, തെങ്ങമം ഗീതാഭവനിൽ ഗണേഷിന്റെയും ഗീതയുടെയും മകൾ കൃഷ്ണാഗണേഷിനെ (13) വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

മേസ്തിരി പണിക്കാരനായ ഗണേഷ് ഒാൺ ലൈൻ പഠനത്തിനായി കൃഷ്ണയ്ക്കും മൂത്ത സഹോദരി ശ്രീലക്ഷ്മിക്കും ഫോൺ നൽകിയ ശേഷമാണ് ഇന്നലെ രാവിലെ പണിക്കുപോയത്. ഗീത തൊഴിലുറപ്പ് ജോലിക്കും പോയി.

പത്തുമണിയോടെ പണിസാധനങ്ങൾ എടുക്കാൻ ഗണേഷ് വീട്ടിലെത്തിയപ്പോൾ കൃഷ്ണ മുറ്റം തൂക്കുകയായിരുന്നു. തന്നോട് സംസാരിച്ചതായും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് തോന്നിയില്ലെന്നും ഗണേഷ് പറഞ്ഞു. സാധനങ്ങളെടുത്ത് ഗണേഷ് മടങ്ങുകയും ചെയ്തു.

ശ്രീലക്ഷ്മി പിന്നീട് അടുത്ത വീട്ടിലേക്കുപോയി. പന്ത്രണ്ടരയോടെ മടങ്ങിയെത്തി കൃഷ്ണയെ ആഹാരം കഴിക്കാൻ വിളിച്ചപ്പോൾ മുറി അടച്ചിട്ടിരിക്കുകയായിരുന്നു. തുറന്നു നോക്കിയപ്പോഴാണ് ഫാനിൽ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് തൂങ്ങി നിൽക്കുന്നത് കണ്ടത്. നിലവിളികേട്ട് ഒാടിക്കൂടിയ സമീപവാസികൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

അടൂർ പൊലീസും ഫോറൻസിക് വിദഗ്ദ്ധരും തെളിവെടുപ്പ് നടത്തി. പ്രാഥമികാന്വേഷണത്തിൽ ദുരൂഹതയൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തെങ്ങമം ഗവ.ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് കൃഷ്ണ. സഹോദരി ശ്രീലക്ഷ്മി പന്തളം എൻ.എസ്.എസ് കോളേജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്.