cm-

തിരുവനന്തപുരം : ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വരികയും മറ്റ് സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ള യാത്ര അനുവദിക്കുകയും ചെയ്തതോടെ കേരളം കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മെയ് 4 വരെ മൂന്ന് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 16 പേരാണ് സംസ്ഥാനത്ത് അന്ന് ചികിത്സയിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ രോഗികളുടെ എണ്ണം 2697 ആയും മരണം 20 ആയും വർദ്ധിച്ചു.

ശാരീരിക അകലം,​ മാസ്‌ക് ഉപയോഗം, സമ്പർക്കവിലക്ക്, റിവേഴ്‌സ് ക്വാറന്റീൻ എന്നിവയിലൂടെയാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കാൻ സാധിച്ചത്. ഇവ തുടർന്നാൽ കൊവിഡിനെ ഫലപ്രദമായി തടയാൻ സാധിക്കും. നിയന്ത്രണങ്ങൾ സ്വയം പിന്തുടരണം. മറ്റുള്ളവരെ രോഗനിയന്ത്രണ നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിക്കണം. എല്ലാവരും ആരോഗ്യസന്ദേശ പ്രചാരകരാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിലവിലെ സ്ഥിതിയിൽ വിദേശത്ത് നിന്നും തിരിച്ചെത്തുന്നവരിൽ ഒന്നരശതമാനം ആളുകൾ കൊവിഡ് പോസിറ്റീവുന്നുണ്ട്. യാത്രക്കാരുടെ എണ്ണം വരുംദിവസങ്ങളിൽ രണ്ട് ലക്ഷമായി വർദ്ധിക്കാൻ ഇടയുണ്ട്. യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമ്പോൾ സ്വാഭാവികമായി കൊവിഡ് പോസിറ്റീവ് ആവുന്നവരുടെ എണ്ണവും വർദ്ധിക്കും. രണ്ട് ശതമാനം ആളുകൾക്ക് കൊവിഡ് ബാധിക്കുന്നത് നാലായിരത്തോളം പേരെയാണ് ബാധിക്കുക. മുൻകരുതൽ പാലിച്ചില്ലെങ്കിൽ ഇവരിൽ നിന്നും സമ്പർക്കം മൂലം കൂടുതൽ ആളുകളിലേക്ക് രോഗം വ്യാപിക്കും. കൂടുതൽ വ്യാപനത്തിലേക്ക് കടന്നാൽ സമൂഹവ്യാപനം എന്ന വിപത്തിലേക്ക് എത്തിച്ചേർന്നേക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.