ലണ്ടൻ: കൊവിഡ് പ്രതിരോധ മരുന്ന് ഗവേഷണത്തിൽ വഴിത്തിരിവായി, രോഗം ഭേദമാക്കാനുതകുന്ന മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ബ്രിട്ടനിലെ ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ. ഡെക്‌സാമെതാസോൺ എന്ന മരുന്ന് കൊവിഡ് ഭേദമാക്കാൻ ഫലപ്രദമാണെന്നും ഇതിന് മരണനിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും ഇവർ അഭിപ്രായപ്പെട്ടു.
ഡെക്സാമെതാസോൺ കൊവിഡിന് ജീവൻരക്ഷാ മരുന്നായി ഉപയോഗിക്കാമെന്ന കണ്ടെത്തൽ നിർണായക ചുവടുവയ്പാണെന്ന് ബ്രിട്ടനിലെ ആരോഗ്യവിദഗ്ദ്ധരെ ഉദ്ധരിച്ചു ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ തെളിയിക്കപ്പെടുന്ന ആദ്യ മരുന്നാണിത്. തീവ്രതയേറിയ രോഗികളുടെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാൻ ഈ മരുന്നിന് സാധിക്കുമെന്നാണ് ചൊവ്വാഴ്ച പുറത്തുവന്ന പരീക്ഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.താരതമ്യേന കുറഞ്ഞ വിലയുള്ള ഈ മരുന്ന് വ്യാപകമായി ലഭിക്കും.
'കൊവിഡ് രോഗികളിൽ മൂന്നിലൊന്ന് പേരുടെയും രോഗം മാറ്റുന്ന മരുന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടനിൽ മഹാമാരിയുടെ തുടക്കം മുതൽ ഉപയോഗിച്ചിരുന്നെങ്കിൽ 5000 പേരുടെ ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നു. കൂടുതൽ കൊവിഡ് കേസുകളുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് മരുന്ന് വളരെ ഉപകാരപ്രദമാണെന്നും' ഗവേഷകർ ചൂണ്ടിക്കാട്ടി. മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കൊവിഡ് പ്രതിരോധത്തിനായി പരീക്ഷിച്ചെങ്കിലും ഹൃദയത്തിന് പ്രശ്നങ്ങളുണ്ടാക്കുന്നതിനാൽ പിന്നീട് ഉപേക്ഷിച്ചിരുന്നു.