pm-modi-

ന്യൂഡൽഹി: കൊവിഡ് രോഗവ്യാപനത്തിന്റെ തോത് ഉയരുന്നതിനിടെ രാജ്യത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. അൺലോക്ക് 2 അഥവാ രണ്ടാംഘട്ട തുറക്കലിന് തയ്യാറാകാൻ നരേന്ദ്രമോദി സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.. വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ പോരാടണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

അൺലോക്ക് 2വിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. ഡൽഹി, മുംബയ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന വാർത്തകൾ പ്രചരിച്ചത്. എന്നാൽ രണ്ടാംഘട്ട തുറക്കലിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. രാജ്യത്തെ ജനങ്ങളുടെ ദുരിതം എങ്ങന കുറയ്ക്കാനാവും എന്നതും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രിമാരോട് അദ്ദേഹം നിർദ്ദേശിച്ചു.

മാസ്‌ക ധരിക്കുക, ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ ഉറപ്പാക്കിക്കൊണ്ട് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുനൽകുന്ന കാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. വൈറസ് വ്യാപനം എത്രത്തോളം തടയാൻ കഴിയുന്നുവോ അത്രത്തോളം ഇളവുകൾ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.