അരൂർ: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, ആംബുലൻസ് ലോറിക്ക് പിന്നിൽ ഇടിച്ച് യുവതി മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു.
വൈക്കം കുടവെച്ചൂർ അംബികാ മാർക്കറ്റ് പുളിമൂട്ടിൽ അഹല്യ ദേവി (32) ആണ് മരിച്ചത്. ആംബുലൻസിൽ ഉണ്ടായിരുന്ന അമ്മാവൻ ദിലീപ് കുമാർ (42), അച്ഛൻ നടരാജൻ (60) എന്നിവരെ പരിക്കുകളോടെ ചേർത്തല കെ.വി.എം ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസ് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
തണ്ണീർമുക്കത്തെ അമ്മവീട്ടിൽ കഴിയുകയായിരുന്ന അഹല്യ ദേവി ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായി രുന്നു. ദേഹത്തും മുഖത്തും കൈകളിലും പൊള്ളലേറ്റ ഇവരെ ഉടൻ തന്നെ വീട്ടുകാർ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടുപോയി. എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രികൾ കൈയൊഴിഞ്ഞതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആലപ്പുഴ മെഡി. ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ രാത്രി 11.30 ന് അരൂർ ക്ഷേത്രം കവലയ്ക്ക് സമീപമായിരുന്നു അപകടം. ലോറിയെ മറികടക്കുന്നതിനിടെ ടിപ്പർ ലോറിക്ക് പിന്നിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അഹല്യ സ്ട്രെച്ചറിൽ നിന്ന് താഴെ വീണു. ഉടൻ തന്നെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് ബിനോയ് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. ഏകമകൾ ലിയ. അരൂർ പൊലീസ് കേസെടുത്തു.