ചെന്നൈ: കൊവിഡ് രോഗവ്യാപനം തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ആശങ്കാജനകമായി ഉയരുന്നത് തുടരുന്നു. തമിഴ്‌നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടന്നു. ഇതുവരെ 50,193 പേർക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ തമിഴ്‌നാട്ടിൽ 2,174 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതേസമയത്ത് 48 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ തമിഴ്‌നാട്ടിലെ ആകെ കൊവിഡ് മരണം 576 ആയി. 21,990 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 27,624 പേർ ഇതുവരെ രോഗമുക്തരായി ആശുപത്രിവിട്ടു.
മഹാരാഷ്ട്രയിൽ ഇതുവരെ 1,16,752 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ 3307 പേർക്ക് രോഗം പിടിപെട്ടു. 114 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 5,651 ആയി.. ഇതുവരെ 59,166 പേർ രോഗമുക്തരായി. 51,921 പേരാണ് നിലവിൽ മഹാരാഷ്ട്രയിൽ ചികിത്സയിൽ തുടരുന്നത്.
അതേസമയം ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവർ 12,000 കടന്നു. 24 മണിക്കൂറിനിടെ 2003 പേരാണ് മരിച്ചത്. 10,974 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ കേസുകൾ 3.63 ലക്ഷം പിന്നിട്ടു. മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങളിൽ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ മരണങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെയാണ് മരണസംഖ്യ കുതിച്ചുയർന്നത്. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യാതിരുന്ന 1328 മരണങ്ങളും,ഡൽഹിയിൽ 344 മരണങ്ങളും പുതുതായി ചൊവ്വാഴ്ച ഉൾപ്പെടുത്തുകയായിരുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 52.80 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 6922 പേർക്ക് രോഗം ഭേദമായി. ഇതുവരെ 1,86,934 രോഗമുക്തി.