കണ്ണൂർ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂർ സ്വദേശിയായ എക്സൈസ് ഡ്രൈവർ സുനിൽ(28) ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഇദ്ദേഹം. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി. സുനിലിന് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താൻ വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചതായി ഡി.എം.ഒ അറിയിച്ചിരുന്നു.
പൂർണ ആരോഗ്യവാനായിരുന്നു സുനിൽ. മൂന്നു ദിവസം മുമ്പാണ് സുനിൽകുമാറിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ന്യൂമോണിയ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ഉണ്ടായി. ഇന്നലെ വൈകിട്ട് മുതല്‍ സുനില്‍കുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.
മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ ജീവനക്കാരനാണ് സുനില്‍കുമാര്‍. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മട്ടന്നൂര്‍ എക്‌സൈസ് ഓഫീസ് അടയ്ക്കുകയും 18 ജീവനക്കാര്‍ ക്വാറന്റീനില്‍ പോവുകയും ചെയ്തിരുന്നു. ഈ മാസം മൂന്നാം തീയ്യതി അബ്ക്കാരി കേസിൽ അറസ്റ്റിലായ പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് വേണ്ടി ഡ്രൈവർ ജില്ല ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് പ്രതിയുമായി തോട്ടടയിലെ സർക്കാർ ക്വാറന്റീൻ കേന്ദ്രത്തിലും ഇദ്ദേഹം എത്തിയതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്ച ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇരു ശ്വാസകോശങ്ങളുടെയും പ്രവർത്തനം തകരാറിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടികയിൽ 25 ബന്ധുക്കളും ജോലി ചെയ്തിരുന്ന മട്ടന്നൂർ റെയിഞ്ച് ഓഫീസിലെ 18 സഹപ്രവർത്തകരുമുണ്ട്. മട്ടന്നൂർ റെയ്ഞ്ച് ഓഫിസ് ഇപ്പോൾ അടച്ചിരിക്കുകയാണ്.
രോഗബാധിതനായി മരിച്ച സുനിൽ തോട്ടട ഐ ടി.ഐയിലെ ക്വാറന്റിൻ കേന്ദ്രത്തിലും ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കും പ്രതിയെയും കൂട്ടികൊണ്ടു പോയിട്ടുണ്ട്. ഇതിൽ ഏതെങ്കിലും ഒരു സ്ഥലത്തു നിന്നാവാം കൊവിഡ് ബാധിച്ചതെന്ന് ആരോഗ്യ വകുപ്പ് സംശയിക്കുന്നത്. സുനിലിന്റെ മരണത്തോടെ ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ആരോഗ്യ വകുപ്പ് കർശനമായി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്.