വാഷിംഗ്ടൺ: മുൻപുണ്ടായിരുന്നതിനെക്കാളേറെ ചൈനയുടെ പ്രവർത്തനങ്ങൾ നാറ്റോ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് നാറ്റോയിലെ അമേരിക്കൻ സ്ഥിരാംഗമായ കെയ് ബെയിലി ഹച്ചിസൺ. ചൈനക്ക് നല്ലൊരു വ്യാപാരപങ്കാളിയും സമാധാന പ്രിയനായ ചങ്ങാതിയുമാകാവുന്നതാണ് എന്നാൽ നിലവിൽ അത്തരം ലക്ഷണങ്ങളല്ല അവർ പ്രകടിപ്പിക്കുന്നത്. തായ്‌വാൻ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളോട് പ്രകോപനപരമായ നടപടി നിരന്തരം കൈക്കൊളളുന്ന ചൈനയെ നാറ്റോ അംഗങ്ങൾ നിരീക്ഷിച്ചു വരികയാണ്. നിലവിലെ സാഹചര്യം മൂലമുളള നഷ്‌ടം നാറ്റോ കണക്കാക്കുന്നുണ്ട്. മോശമായതെന്തെങ്കിലും നടക്കുമെങ്കിൽ അതിനായി തയ്യാറാകാനും എന്നാൽ നല്ല ഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഒരു സൈനിക നീക്കമുണ്ടാകുമോ എന്ന് നാറ്റോ നിരീക്ഷിച്ച് വരികയാണെന്നും കെയ് പറഞ്ഞു.
ലോകവ്യാപാര സംഘടനയും ലോകകോടതികളും അനുശാസിക്കുന്ന ഇറക്കുമതി തീരുവകളും സബ്സിഡികളും തെറ്റിക്കുകയും ബൗദ്ധിക സ്വത്തുക്കൾ അപഹരിക്കുകയും ചെയ്‌തിരിക്കുന്നു ചൈന. ദക്ഷിണ ചൈനീസ് കടലിലെ അവരുടെ പെരുമാറ്റവും,ഒരിക്കലും ആക്രമിക്കില്ലെന്ന് പറഞ്ഞയിടങ്ങളിൽ ആക്രമം നടത്താനൊരുങ്ങുന്നതും ഹോങ്‌കോങിൽ നടത്തുന്ന ബലപ്രയോഗങ്ങളും നാറ്റോ നിരീക്ഷിച്ച് വരികയാണെന്നും കെയ് പറഞ്ഞു.