corona-cremation

ഗാസിയാബാദ്: വൈദ്യുത ശ്മശാനം പ്രവർത്തനരഹിതമായതിനെ തുടർന്ന് കൊവി‌ഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ശവസംസ്കാര വേളയിൽ പകുതി മാത്രം കത്തിക്കരിഞ്ഞു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 58കാരനായ ബിസിനസുകാരന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ പാതിവഴിയിൽ വൈദ്യുതശ്മശാനം പ്രവർത്തനരഹിതമായതായി ബന്ധുക്കൾ ആരോപിച്ചു. തിങ്കളാഴ്‌ച സംസ്ക്കരിച്ച മ‌‌ൃതദേഹം ബുധനാഴ്‌ച ആയിട്ടും പൂർണ്ണമായി കത്തിയിരുന്നില്ല.

മരിച്ചയാൾ ഇന്ദിരാപുരം സ്വദേശിയായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ച ശേഷം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം തിങ്കളാഴ്‌ച രാവിലെ മൃതദേഹം ഹിൻഡോണിലെ ശ്മശാനത്തിലേക്ക് എത്തിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. പതിനൊന്ന് മണിയോടെ ഗാസിയാബാദിലെ ഇലക്ട്രിക് ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹം, ബുധനാഴ്‌ച വരെയും പകുതി മാത്രം കത്തിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. ശരീരത്തിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ 29 മണിക്കൂറിലധികം അവിടെ കിടന്നിരുന്നുവെന്ന് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആചാരപ്രകാരം മൃതദേഹം സംസ്‌കരിക്കുന്നതുവരെ ഭക്ഷണം കഴിക്കാൻ പാടില്ലാത്തതിനാൽ ബന്ധുക്കൾക്ക് ഒരു ദിവസത്തിലേറെ നിരാഹാരം അനുഷ്ടിക്കേണ്ടി വന്നു. ഒടുവിൽ ബുധനാഴ്ച ഉച്ചയോടെ മൃതദേഹം സംസ്‌കരിച്ചു.