വിനയൻ സംവിധാനം ചെയ്ത സത്യത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് പ്രിയാമണി. തിരക്കഥ, പുതിയ മുഖം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സൈന്റ്ര്, ഗ്രാൻഡ്മാസ്റ്റർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിൽ സജീവയായ പ്രിയാ മണി അവസാനമായി മലയാളത്തിൽ പതിനെട്ടാം പടിയിൽ അഭിനയിച്ചു. നടിയുടെ പുതിയ സിനിമ- കുടുംബ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു.....
മുസ്തഫയോടൊപ്പം ആഘോഷിക്കുന്ന ഫെസ്റ്റിവൽ ?
ദീപാവലി. ക്രിസ്മസും ന്യൂഇയറും ആഘോഷിക്കും. അവരുടെ കുടുംബത്തിന്റെ വലിയ ആഘോഷങ്ങളിലൊന്ന് ഈദാണ്. ആ ദിവസം എല്ലാവർക്കും ഈദ് മുബാറക്ക് പറയും. പക്ഷേ, ഇന്നുവരെ ഞാൻ നോമ്പെടുത്തിട്ടില്ല. ഞങ്ങൾ രണ്ട് മതത്തിൽ നിന്നുള്ളവരാണ്. വിവാഹശേഷം മതംമാറാൻ കഴിയില്ലെന്ന് ഞാനാദ്യമേ പറഞ്ഞിരുന്നു. എനിക്ക് വേണ്ടി മുസ്തഫയും മതം മാറേണ്ട കാര്യമില്ല. ആ അഭിപ്രായത്തോട് മുസ്തഫ യോജിച്ചു. പക്ഷേ, ഒരു ദിവസമെങ്കിലും എന്നെക്കൊണ്ട് നോമ്പെടുപ്പിക്കാൻ പുള്ളി പല ശ്രമങ്ങളും നടത്തി. വേണമെങ്കിൽ ഭക്ഷണം കഴിക്കാതിരിക്കാം. പക്ഷേ, വെള്ളം കുടിക്കാതിരിക്കാൻ എനിക്ക് കഴിയില്ല. ദിവസവും നാല് ലിറ്ററോളം വെള്ളം ഞാൻ കുടിക്കാറുണ്ട്. അങ്ങനെ അദ്ദേഹം ആ ശ്രമം ഉപേക്ഷിച്ചു. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ നോമ്പെടുക്കുന്ന എല്ലാവരെയും ഞാൻ ബഹുമാനിക്കുന്നു. അതവരുടെ മനസിന്റെയും പ്രാർത്ഥനയുടെയും ശക്തിയാണ്.
പ്രിയ വെജിറ്റേറിയനാണോ?
വെജിറ്റേറിയൻ ഭക്ഷണമാണ് കൂടുതലിഷ്ടം. വീട്ടിൽ വെജിറ്റേറിയൻ വിഭവങ്ങളേ പാചകം ചെയ്യാറുള്ളൂ. പുറത്തൊക്കെ പോകുമ്പോൾ നോൺവെജ് കഴിക്കും.
പാചകം ചെയ്യുമോ?
ഞാൻ കഴിക്കും. പാചകത്തിന്റെ ആദ്യത്തെ അക്ഷരം പോലും പിടിയില്ല. ആകെ ഉണ്ടാക്കാൻ അറിയാവുന്നത് ഫുൽക്കയാണ്. മുസ്തഫ നന്നായി പാചകം ചെയ്യും. ഫ്രോസൻ ഫിഷ് വാങ്ങി ചില പരീക്ഷണങ്ങളൊക്കെ നടത്തും. അതിന് നല്ല രുചിയാണ്.
കേരളസാരി ഇഷ്ടമാണോ?
കേരളസാരിയുടെയും സെറ്റുമുണ്ടിന്റെയും ഭംഗി വേറൊന്നിനും കിട്ടില്ല. മറ്റു സംസ്ഥാനങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങളെക്കാളും മനോഹരമാണ് കേരളത്തിന്റെ വേഷം. മോഡലിംഗ് ചെയ്യുന്ന സമയത്ത് ഒരുപാട് ജൂവലറികളുടെ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിലെല്ലാം കേരളസാരിയുടുത്ത് സ്വാഗതം പറയുന്ന ഒരു പോസ് കാണും. പരസ്യം ചെയ്യുന്നവരുടെ കൈയിൽ നിന്ന് രണ്ട് തവണ കേരളസാരി ചോദിച്ച് വാങ്ങിയിട്ടുണ്ട്. രണ്ടും വീട്ടിൽ സൂക്ഷിച്ചുവച്ചിരിക്കുകയാണ്.
കുടുംബത്തിന് സംഗീതമായുള്ള ആത്മബന്ധം ?
അമ്മൂമ്മ തിരുവനന്തപുരത്തെ പ്രശസ്തയായ സംഗീതഞ്ജയായിരുന്നു(കമല കൈലാസ്). ഞാനും കുറച്ചുകാലം സംഗീതം പഠിച്ചിട്ടുണ്ട്. ക്‌ളാസുകഴിഞ്ഞ് വന്നാലുടൻ ഇന്ന് എന്തൊക്കെയാ പഠിപ്പിച്ചതെന്നുചോദിച്ച് അമ്മൂമ്മ എത്തും. പിന്നെ അരമണിക്കൂർ പ്രാക്ടീസാണ്. അതോടെ എനിക്ക് മടുത്തു. ഇപ്പോൾ റേഡിയോയിൽ പാട്ടുകേട്ടാൽ കൂടെപ്പാടും.
വിവാഹശേഷം സിനിമയോട് വന്ന സമീപനം ?
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഞാൻ സിനിമയിൽ അഭിനയിച്ചു. ഭർത്താവ് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും നല്ല പിന്തുണ നൽകുന്നുണ്ട്. ആ പിന്തുണയില്ലെങ്കിൽ നിങ്ങളോട് സംസാരിക്കാൻ പോലും എനിക്ക് കഴിയില്ല. ഡബ്ബ് ചെയ്ത ദക്ഷിണേന്ത്യൻ സിനിമകൾ അവർക്കെല്ലാം ഇഷ്ടമാണ്. പ്രത്യേകിച്ചും മുസ്തഫയുടെ അച്ഛന്. വിവാഹശേഷം നീ അഭിനയിക്കണം, ദയവ് ചെയ്ത് വീട്ടിലിരിക്കരുതെന്നാണ് മുസ്തഫ ആവശ്യപ്പെട്ടത്. സിനിമയോടുള്ള എന്റെ പാഷൻ മുസ്തഫയ്ക്കറിയാം. ആ പ്രോത്സാഹനം വലിയ ഭാഗ്യമായി കരുതുന്നു.
അഭിനയത്തിൽ വന്ന നിയന്ത്രണങ്ങൾ ?
നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താത്പര്യമില്ല. അത് സ്വാഭാവികമല്ലേ. പ്രണയത്തിലായ ചില നടിമാരോട് ഞാൻ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ്ഫ്രണ്ട്സിന് അതിലൊന്നും പ്രശ്നമില്ലെന്നാണ് അവർ പറയുന്നത്. എന്റെ ഭർത്താവ് അങ്ങനെയല്ല. ഓൺ സ്‌ക്രീൻ കിസിംഗ് സീനുകളൊക്കെ ഒഴിവാക്കും. മുസ്തഫയ്ക്ക് മാത്രമല്ല അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും മരുമകളുടെ കിസിംഗ് സീനുകൾ ഇഷ്ടപ്പെടാൻ വഴിയില്ലല്ലോ.
സെലക്ടീവാണോ ?
ആദ്യം മുതലേ സെലക്ടീവാണ്. പണ്ടും സംവിധായകനെയും നായകനെയും നോക്കിയല്ല സിനിമ തിരഞ്ഞെടുക്കുന്നത്. തിരക്കഥയാണ് പ്രധാനം. തിരക്കഥ നല്ലതാണെങ്കിൽ പുതിയ സംവിധായകനാണോ അനുഭവ സമ്പന്നനാണോ സൂപ്പർതാരമാണോ എന്നൊന്നും നോക്കില്ല.
ഏതെങ്കിലും സിനിമ പാതിയിൽ ഉപേക്ഷിച്ചിട്ടുണ്ടോ?
ഉണ്ട്. പക്ഷേ, ഇവിടെയല്ല. തെലുങ്കിൽ. എന്റെ മാനേജർ പറഞ്ഞിട്ടാണ് ഒരു പ്രോജക്ട് ചെയ്യാൻ തീരുമാനിച്ചത്. ഷൂട്ട് തുടങ്ങി കുറച്ച് ദിവസം അഭിനയിച്ചിട്ടും എന്താണ് അവർ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പറയുന്നതൊന്ന് എടുക്കുന്നത് വേറൊന്ന്. കഥാപാത്രത്തിന് ഫോക്കസില്ല. കൂടെ അഭിനയിച്ച സുമന്തും ഇക്കാര്യം തന്നെ പറഞ്ഞു. എന്നെങ്കിലും സ്‌ക്രിപ്ടിൽ മാറ്റം വരുത്തിയാൽ അഭിനയിക്കാമെന്നു പറഞ്ഞ് ഞാൻ പിന്മാറി. അതിന് ശേഷം ആ സിനിമ നിറുത്തിവച്ചു. സംവിധായകൻ തന്നെ മാറി. വേറൊരു സിനിമ അഞ്ച് ദിവസം ഷൂട്ട് ചെയ്തു. നായകൻ ഉത്തരേന്ത്യക്കാരനായിരുന്നു. അഞ്ച് ദിവസവും ഒരു ബെഡ്റൂമിലായിരുന്നു ഷൂട്ടിംഗ്. ഞങ്ങൾക്കൊപ്പം ഒരു കൊച്ചുകുട്ടിയും അഭിനയിക്കുന്നുണ്ട്. ഒരു ദിവസം പോലും ആ കുടുസുമുറിയിൽ നിന്ന് പുറത്തേക്ക് വരുന്നില്ല. സത്യത്തിൽ അതിനുശേഷം എന്താണ് ഷൂട്ട് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് സംവിധായകന് പിടിയുണ്ടായിരുന്നില്ല. എന്തായാലും ആ സിനിമയും ഞാൻ ഉപേക്ഷിച്ചു. മൊത്തം കരിയറിൽ ഈ രണ്ട് മോശം അനുഭവങ്ങളെ ഉണ്ടായിട്ടുള്ളൂ.