chinese-trap

ലോകരാജ്യങ്ങളുടെ സ്വാധീനം നേടുന്നതിനും,​ ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്ക് മേൽ ഗണ്യമായ അധികാരം

നേടുന്നതിനും ചെെന വായ്പയുടെ രൂപത്തിൽ സാമ്പത്തികമായ തന്ത്രങ്ങൾ ഉപയോഗിക്കുന്നു. ഇതിലൂടെ രാജ്യം നേരിടുന്ന രാഷ്ട്രീയ, സുരക്ഷാ ഭീഷണികളുടെ എണ്ണം വർദ്ധിക്കാൻ സാദ്ധ്യതകൾ ഏറെയാണ്.

കടക്കെണിയിലൂടെ നയതന്ത്രം

സാമ്പത്തിക മുന്നേറ്റങ്ങൾക്കായി ലോകരാജ്യങ്ങൾ ഒന്നടങ്കം മത്സരിക്കുകയാണ്. ഈ അവസരം മുതലെടുക്കുന്ന ചൈന വികസ്വരരാജ്യങ്ങളുടെ വിവിധ പദ്ധതികൾക്കായി ആനുകൂല്യ വായ്പകളുടെ രൂപത്തിൽ കോടിക്കണക്കിന് ഡോളർ വിതരണം ചെയ്യുന്നു. കുറഞ്ഞ വായ്പാ വാഗ്‌ദാനത്തോടൊപ്പം ഗണ്യമായ നിക്ഷേപവും ഉൾപ്പെടുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വികസ്വര രാജ്യങ്ങൾക്ക്,​ വായ്പയുടെ തിരിച്ചടവ് അസാധ്യമാണ്. ഇതിലൂടെ ചൈനയ്ക്ക് കടാശ്വാസത്തിന് പകരമായി ആനുകൂല്യങ്ങളോ നേട്ടങ്ങളോ ആവശ്യപ്പെടാൻ അവസരം ലഭിക്കുന്നു.

ചൈന ആവശ്യപ്പെടുന്ന ഇളവുകൾ

കടാശ്വാസത്തിന് പകരമായി ചൈനയ്ക്ക് ആവശ്യപ്പെടാവുന്ന നിരവധി ഗുണങ്ങളോ ആനുകൂല്യങ്ങളോ ഉണ്ട്. ഹംബാന്റോട്ട തുറമുഖ പദ്ധതിയുടെ നിയന്ത്രണം 99 വർഷത്തേക്ക് ചൈനയ്ക്ക് കൈമാറാൻ ശ്രീലങ്ക നിർബന്ധിതരായത് ഇത്തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ്. എതിരാളിയായ ഇന്ത്യയുടെ പടിവാതിൽക്കൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന തുറമുഖത്തിന്റെ നിയന്ത്രണത്തിനും വാണിജ്യ, സൈനിക ജലപാതയിലൂടെ തന്ത്രപരമായ ചുവടുപിടിക്കുന്നതിനും ഇത് ചൈനയെ സഹായിച്ചു. മാത്രവുമല്ല ചൈന ജിബൂട്ടിയിൽ ആദ്യത്തെ സൈനിക താവളം നിർമ്മിക്കുകയും ചെയ്തു. കോടിക്കണക്കിന് ഡോളർ കടത്തിന് പകരമായി അംഗോള ചൈനയ്ക്ക് ക്രൂഡ് ഓയിൽ നൽകിയത് അവരുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതം ഏൽപ്പിച്ചിരുന്നു.


ചൈനയുടെ ആനുകൂല്ല്യ വായ്പകൾ

ഉദാരമായ നിബന്ധനകളോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച വായ്പകളാണിത്. മാർക്കറ്റ് നിരക്കിന് താഴെയുള്ള പലിശ നിരക്കോ,​ ഗ്രേസ് പിരീഡിലെ ആനുകൂല്ല്യമോ,​ അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചോ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഈ വായ്പകൾക്ക് സാധാരണയായി തിരിച്ചടവ് കാലാവധി കൂടുതലാണ്.

ഇന്ത്യ ചൈനയിൽ നിന്ന് വായ്‌പ എടുത്തിട്ടുണ്ടോ?​

ഇന്ത്യ ചൈനയുമായി നേരിട്ട് വായ്പ കരാറിലേർപ്പെട്ടിട്ടില്ല. എന്നാൽ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ ഏറ്റവും കൂടുതൽ വായ്പയെടുക്കുന്ന രാജ്യമാണിന്ത്യ. ചൈനയാണ് എഐഐബിയുടെ ഏറ്റവും വലിയ ഓഹരിയുടമ (26.6 ശതമാനം ), മറ്റ് രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമതും (7.6 ശതമാനം ).

കടക്കെണി ഇന്ത്യയെ ബാധിക്കുന്നത്

ഇന്ത്യയുടെ ഭൂരിഭാഗം അയൽക്കാരും ചൈനയുടെ കടക്കെണിയിൽ അകപ്പെട്ടു കഴിഞ്ഞു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ചൈനയുടെ $8 tn പ്രോജക്റ്റ് - വൺ
ബെൽറ്റ് വൺ റോഡ് (OBOR) പദ്ധതിക്ക് പല രാജ്യങ്ങളും കീഴ്പ്പെട്ട് കൊടുക്കേണ്ടി വന്നു. ചില പ്രധാന സംരംഭങ്ങൾ ആവിഷ്ക്കരിച്ചിട്ടുള്ളതിനാൽ കശ്മീർ നിയന്ത്രണത്തിലുള്ള പാകിസ്ഥാൻ പ്രദേശം, പാകിസ്ഥാനാണെന്ന് ഇന്ത്യ അംഗീകരിക്കണമെന്ന് ഈ പദ്ധതിയിൽ ആവശ്യപ്പെടുന്നു.