aloo-masala

ചപ്പാത്തിയ്ക്കും ചോറിനുമൊപ്പം എത്രക്കാലം ഇങ്ങനെ എഗ്ഗ് മസാല കഴിക്കും? സത്യം പറഞ്ഞാൽ അത് കഴിച്ച് മടുത്തവരാണ് നമ്മളിൽ പലരും. ഒരു ഗസ്റ്റ് വന്നാലും സ്ഥിതി ഇത് തന്നെ. അല്ലെങ്കിൽ ഉണ്ടാക്കാൻ സമയം ഇല്ലായെന്നും പറഞ്ഞ് പുറത്ത് നിന്നും വാങ്ങും. എന്നാൽ ഇനി അതൊന്നും വേണ്ട ഈ സ്പെഷ്യൽ മാസാല കറി ഒന്ന് പരീക്ഷിച്ച് നോക്കിയാൽ മാത്രം മതി.

ആവശ്യമുള്ള ചേരുവകൾ :

ഉരുളക്കിഴങ്ങ് (പുഴുങ്ങി തൊലി കളഞ്ഞത്) - അര കിലോ

ഇഞ്ചി - വെളുത്തുള്ളി പേയ്സ്റ്റ് - 2 ടേബിൾ സ്പൂൺ

സവാള - 3 എണ്ണം (പേയ്സ്റ്റാക്കിയത്)

തക്കാളി - 2 എണ്ണം (പേയ്സ്റ്റാക്കിയത്)

പച്ചമുളക് - 2 എണ്ണം

മല്ലിയില - ആവശ്യത്തിന്

അണ്ടിപ്പരിപ്പ് - 25 ഗ്രാം (അരച്ചെടുത്തത്)

എണ്ണ - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

മഞ്ഞൾപ്പൊടി - ആവശ്യത്തിന്

മസാലയ്ക്ക്

കുരുമുളക് - അര ടീസ്പൂൺ

ജീരകം - ഒരു ടീസ്പൂൺ

മല്ലി - ഒരു ടേബിൾ സ്പൂൺ

പെരുംജീരകം - അര ടീസ്പൂൺ

പട്ട - ആവശ്യത്തിന്

ഏലയ്ക്ക - 2 എണ്ണം

ഗ്രാമ്പൂ - 2 എണ്ണം

വറ്റൽ മുളക് (കാശ്മീരി ചില്ലി) - 8 എണ്ണം

വഴന ഇല - 1

തയ്യാറാക്കുന്ന വിധം :

ആദ്യം മസാല വറുത്ത് എടുക്കാനായി അടുപ്പിൽ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണം ഒഴിക്കണം. അതിന് ശേഷം വറ്റൽ മുളകിട്ട് ചെറുത്തായിട്ടൊന്ന് വഴറ്റണം. അതിന് ശേഷം ഈ മാസാലകൾ എല്ലാം കൂടി ഇതിലേക്ക് ഇട്ട് കൊടുക്കണം. മസാലയുടെ നിറം മാറി നല്ല ചുവന്ന നിറത്തിൽ എത്തുന്നത് വരെ വഴറ്റുക. നിറം മാറി കഴിയുമ്പോൾ തീ അണയ്ക്കാവുന്നതാണ്. മസാല തണുത്ത ശേഷം മിക്സിയിലിട്ട് കുറച്ച് വെള്ളമൊഴിച്ച് കുഴമ്പ് രൂപത്തിൽ അടിച്ചെടുക്കുക. അതിന് ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി കുറച്ച് എണ്ണയൊഴിക്കണം. എണ്ണ ചൂടായി കഴിയുമ്പൊൾ അതിലേക്ക് വഴന ഇലയും, ഇഞ്ചി - വെളുത്തുള്ളി പേയ്സ്റ്റും പച്ചമുളകും ചേർത്ത് നല്ലത് പോലെ വഴറ്റുക. പച്ച മണം മാറി കഴിയുമ്പൊൾ അതിലേക്ക് അരച്ച സവാളയും ഉപ്പും ചേർത്ത് ഇളക്കുക. ഇതെല്ലാം നന്നായി വഴന്ന് നിറം മാറി വരുമ്പൊൾ ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും അരച്ച് വെച്ചിരിക്കുന്ന മസാലയും ചേർത്ത് ഇളക്കുക. ഇടയ്ക്കിടയ്ക്ക് കുറച്ച് വെള്ളവും കൂടി ഒഴിച്ച് ഇളക്കുക. അതിനുശേഷം തക്കാളിയും പുഴുങ്ങി തൊലി കളഞ്ഞ് വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേർത്ത് നല്ലത് പോലെ ഇളക്കുക. ഇനി ആവശ്യത്തിന് വെള്ളവും ചേർത്ത്, തീ കുറച്ച ശേഷം ഒരു മൂടി ഉപയോഗിച്ച് അടച്ച് വെയ്ക്കുക. കുറച്ച് നേരം കഴിഞ്ഞ് അരച്ചെടുത്ത അണ്ടിപ്പരിപ്പ് കൂടി ഇതിലേക്ക് മിക്സ് ചെയ്യത് ഇളക്കിയ ശേഷം മല്ലിയില കൂടി ചേർത്തെടുത്താൽ സ്പെഷ്യൽ ആലൂ മസാല തയ്യാറായി കഴിഞ്ഞു.