ബെനലി തങ്ങളുടെ പുതിയ 302ആർ പ്രീമിയം സ്പോർസ് ബൈക്കിനെ അവതരിപ്പിച്ചു. 300 സിസി ഫുൾ ഫെയർ മോട്ടോർസൈക്കിൾ ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻ പരീക്ഷകരണവുമായാണ് ബെനലി 302ആർ എത്തുന്നതെങ്കിലും ദൃശ്യപരമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലായെന്നതാണ് ശ്രദ്ധേയം.
പരിചിതമായ ബൾക്കി ഫ്രണ്ട് ഫെയറിംഗ്, ഡ്യുവൽ - പോർട്ട് സൈഡ് മൗണ്ട് ചെയ്ത എക്സ്ഹോസ്റ്റ്, സ്പ്ളിറ്റ് സീറ്റുകൾ, അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, പിൻഭാഗത്ത് മോണോഷോക്ക്, സ്പ്ളിറ്റ് പില്യൺ ഗ്രാബ് റെയിൽ എന്നിവയാണ് ബെനലിയുടെ 302ആർ പതിപ്പിനെ കൂടുതൽ ആകർഷകമാക്കുന്നത്.14 ലിറ്റർ ഫ്യുവൽ ടാങ്കും മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്. ഡ്യുവൽ 260 എംഎം ഫ്രണ്ട് ഡിസ്കുകളിൽ നിന്നും 240 എംഎം പിൻ ഡിസ്‌ക്കുമാണ് ഇതിന്റെ ബ്രേക്കിംഗ് സിസ്റ്റം. സുരക്ഷയ്ക്കായി ഡ്യുവൽ ചാനൽ എബിഎസും ബെനലി വാഗ്‌ദാനം ചെയ്യുന്നു.
റെഡ്, വൈറ്റ്, ബ്ലൂ, ഗ്രീൻ എന്നീ പുതിയ കളർ ഓപ്ഷനുകളിലാണ് ബെനലി എത്തുന്നത്. റെഡ് ഓപ്ഷന്, റെഡ് കളറിലുള്ള ഫ്രേയിമാണ് വരുന്നത്. അതേസമയം ബ്ലൂ, വൈറ്റ് ഓപ്ഷനുകൾക്ക് ഗ്രീൻ ഫ്രേയിമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
2,150 മില്ലീമീറ്റർ നീളവും 785 മില്ലീമീറ്റർ സീറ്റ് ഉയരവുമുള്ള പുതിയ ബെനലി 302ആറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 160 മില്ലീമീറ്ററാണ്. 204 കിലോഗ്രാമാണ് മോട്ടോർ സൈക്കിളിന്റെ ഭാരം.
ബെനലി 302ആറിന് 300 സിസി ട്വിൻ സിലിണ്ടർ എഞ്ചിൻ 12,000 ആർഎംപിയിൽ പരമാവധി 35.3 ബിഎച്ച്പി കരുത്തും 9,000ആർഎംപിയിൽ 27 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്നു. ലിക്വിഡ് -കൂൾഡ് യൂണിറ്റായ ഈ ഹെവി മോട്ടോർസൈക്കിൾ 6.8 സെക്കൻഡിനുള്ളിൽ 0 -100 വേഗത കൈവരിക്കാൻ പ്രാപ്തമാണ്. മണിക്കൂറിൽ 170 കിലോമീറ്ററാണ് ബൈക്കിന്റെ ഉയർന്ന വേഗത. 3.10 ലക്ഷമായിരിക്കും ഇതിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.