kaumudy-news-headlines

1. സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂര്‍ സ്വദേശിയായ എക്‌സൈസ് ഡ്രൈവര്‍ സുനില്‍ ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ അതീവ ഗുരുതര അവസ്ഥയില്‍ ആയിരുന്നു ഇദ്ദേഹം. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി. സുനിലിന് എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യം വ്യക്തമല്ല. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡി.എം.ഒ അറിയിച്ചു.


2. പൂര്‍ണ്ണ ആരോഗ്യവാന്‍ ആയിരുന്ന സുനിലിനെ മൂന്ന് ദിവസം മുന്‍പാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ന്യുമോണിയ അടക്കം അസുഖങ്ങള്‍ ബാധിക്കുക ആയിരുന്നു. അതേസമയം, കണ്ണൂരില്‍ വീണ്ടും ഉറവിടം തിരിച്ചറിയാത്ത കൊവിഡ് ബാധ. കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാരനായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനം ആക്കുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ മൂന്ന് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു. കാളിക്കാവ്, കാനത്തൂര്‍, പയ്യാമ്പലം എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയി പ്രഖ്യാപിച്ച് ഇരിക്കുന്നത്. ഇത് സംബന്ധിച്ച് കളക്ടര്‍ ഉത്തരവിറക്കി. ഇവിടെ ഗതാഗത നിയന്ത്രണവും ഉണ്ടാകും. നേരത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ നാല്‍പതോളം ജീവനക്കാര്‍ ക്വാറന്റൈനില്‍ പോകേണ്ടി വന്നിരുന്നു.
3 പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ അറുപത് ഉറവിടമറിയാത്ത കോവിഡ് രോഗബാധ പഠിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. രോഗ വ്യാപന പഠനം നടത്താന്‍ ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. മേയ് നാലിനു ശേഷമാണ് 49 പേരുടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് മരിച്ച ഫാ കെ ജി വര്‍ഗീസ്, കൊല്ലത്ത് മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച സേവ്യര്‍ , രോഗ മുക്തനായ ശേഷം മരിച്ച കൊല്ലം സ്വദേശി അബ്ദുള്‍ കരീം , കണ്ണൂര്‍ ധര്‍മടത്ത് മരിച്ച ആസിയയുടേയും കുടുംബാംഗങ്ങളുടേയും രോഗബാധ , കാസര്‍കോട്ടെ ഓട്ടോ റിക്ഷാ ഡ്രൈവര്‍ തുടങ്ങിയവര്‍ക്ക് എങ്ങനെ രോഗം വന്നെന്ന് വ്യക്തമല്ല. മാര്‍ച്ച് 23 മുതല്‍ ജൂണ്‍ 6 വരെ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 60 പേരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ ഉറവിടമറിയാത്ത രോഗ ബാധിതര്‍
4 സര്‍ക്കാര്‍ പ്രവാസികളോട് ക്രൂരത കാട്ടുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികളോടുള്ള സര്‍ക്കാര്‍ നിലപാട് മനുഷ്യത്വ രഹിതം ആണ്. പ്രവാസികളുടെ വരവ് എങ്ങനെ മുടക്കാം എന്ന് സര്‍ക്കാര്‍ ഗവേഷണം നടത്തുത ആണ്. ഗള്‍ഫിലുള്ള പ്രവാസികളോട് സര്‍ക്കാര്‍ എന്തിന് ആണ് വിവേചനം കാട്ടുന്നത് എന്ന് മനസിലാകുന്നില്ല. പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതും നിഷേധാത്മക നിലപാട് എന്നും ചെന്നിത്തല
5 നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികള്‍ റാപ്പിഡ് ടെസ്റ്റ് നടത്തിയാല്‍ മതി എന്ന് ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ ഖത്തര്‍, സൗദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ റാപ്പിഡ് ടെസ്റ്റിന് സൗകര്യം ഇല്ല. നാട്ടിലേക്ക് മടങ്ങുവാന്‍ ആഗ്രഹിച്ചവര്‍ക്ക് ചാര്‍ട്ടേഡ് വിമാന സൗകര്യം ഒരുക്കി നല്‍കിയ പ്രവാസി സംഘടനകളെ അഭിനന്ദിക്കുന്നു എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു
6 സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിക്കിടെ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പെരുകുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ടാഴ്ചക്കിടെ ആറുപേരാണ് മരിച്ചത്. ഇരു ജില്ലകളുടെയും മലയോര മേഖലയിലാണ് പകര്‍ച്ച വ്യാധി പെരുകുന്നത്. സംസ്ഥാനത്താകെ അരലക്ഷത്തോളം പേര്‍ പകര്‍ച്ച വ്യാധിക്ക് ചികിത്സയിലാണ്. ഈ മാസം ഇതുവരെ സംസ്ഥാനത്ത് 288 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് കണക്ക്. ഡെങ്കിപ്പനി സംശയിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 2,179 ആണ്. പകര്‍ച്ച വ്യാധികള്‍ പടരുന്ന മേഖലകളില്‍ ഫോഗിംഗ് നടപടികള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കി കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബ്ലോക്ക് തലത്തില്‍ നോഡല്‍ ഓഫീസറെ നിയമിച്ച് സ്ഥിതി വിലയിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
7 യു.എന്‍ രക്ഷാ സമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യു.എന്നിലെ സ്ഥിരാംഗം അല്ലാത്ത രാജ്യം ആയാണ് ഇന്ത്യ തിരഞ്ഞെടുക്ക പെട്ടത്. 193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ടുകള്‍ ഇന്ത്യക്ക് ലഭിച്ചു. ഏട്ടാം തവണയാണ് ഇന്ത്യക്ക് രക്ഷാ സമിതിയില്‍ അംഗത്വം ലഭിക്കുന്നത്. രണ്ടു വര്‍ഷമാണ് അംഗത്വത്തിന്റെ കാലാവധി. ഇന്ത്യയ്‌ക്കൊപ്പം മെക്സിക്കോ, അയര്‍ലന്‍ഡ്, നോര്‍വെ എന്നീ രാജ്യങ്ങളും അംഗത്വം നേടി. ഏഷ്യ- പസഫിക് മേഖലയില്‍ നിന്നാണ് ഇന്ത്യ യു.എന്നില്‍ എത്തിയത്. ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയില്‍ അംഗത്വം ലഭിച്ചതിനു പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ച് അേമേരിക്ക. ഇന്ത്യയുടെ അംഗത്വത്തെ സ്വാഗതം ചെയ്യുന്നു എന്നും രക്ഷാ സമിതിയിലേക്ക് വിജയകരമായി തിരഞ്ഞെടുക്ക പെട്ടതിന് അഭിനന്ദിക്കുന്നു എന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
8 ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലരലക്ഷം കടന്നു. അമേരിക്കയിലാണ് ഏറ്റവും അധികം പേര്‍ മരിച്ചത്. 1,19,930 പേരാണ് അമേരിക്കയില്‍ മരിച്ചത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 83,90,000 കടന്നു. ബ്രസീലില്‍ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം 30,000ത്തിന് മുകളില്‍ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 46,665 പേരാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അര്‍ജന്റീനന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസ് സ്വയം ഐസൊലേഷനില്‍ പോയി.
9 കൊവിഡ് വ്യാപന നിരക്കില്‍ ഇന്ത്യ നാലാമതാണ്. ആകെ രോഗ ബാധിതരുടെ എണ്ണം 3,60,000ന് മുകളിലെത്തിയ ഇന്ത്യ മൂന്ന് ദിവസം മുമ്പുതന്നെ ബ്രിട്ടനെ മറി കടന്നിരുന്നു. പ്രതിദിന രോഗബാധ നിരക്കിലും മരണ നിരക്കിലും ഇതുവരെ ഉള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഈ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഇന്നലെ 1,30,103 പേര്‍ക്ക് കൂടി രോഗം ബാധിച്ചപ്പോള്‍ 341 പേര്‍ മരിച്ചു. പ്രതിദിന രോഗബാധ മരണ നിരക്കുകളില്‍ ലോക പട്ടികയി്ല്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാമതാണ്.