കൊറോണ വൈറസ് വഴിമുടക്കിയതിനാൽ ജൂൺ 21 ന് അന്തർദേശീയയോഗാദിനം ആഘോഷിക്കുന്നത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമാണ്. സാമൂഹിക അകലവും ശാരീരിക അകലവും പാലിക്കേണ്ടതിനാൽ സ്വന്തം വീടുകളിൽ യോഗ അഭ്യസിക്കുന്നതാണ് ഉചിതം.
കൊറോണയ്‌ക്കെതിരെയുള്ള ജാഗ്രതാ സന്ദേശമായ 'Stay Home, Stay Safe' എന്നതിന് സമാനവും ധീരവുമായ സന്ദേശമാണ് യോഗാദിനം നൽകുന്നത്. 'വീട്ടിൽ വച്ച് കുടുംബത്തോടൊപ്പം യോഗ പരിശീലനം' എന്നതാണ് ഈ വർഷത്തെ യോഗാദിന സന്ദേശം. ഡിജിറ്റൽ മീഡിയയുടെ സഹായത്തോടെ സ്വന്തം വീടുകളിൽ ഒത്തൊരുമയോടെ യോഗപരിശീലിച്ച് ഈ വർഷത്തെ യോഗാദിനം അവിസ്മരണീയമാക്കാം. ദിവസേന നിശ്ചിതനേരം യോഗപരിശീലനത്തിന് സമയം കണ്ടെത്തണം. മത്സരവും സമ്മർദ്ദവും നിറഞ്ഞ ലോകത്ത് അവയെ ലഘൂകരിക്കാനുള്ള മാർഗമാണ് യോഗ. രോഗങ്ങൾ പരിഹരിക്കാനുള്ള ചികിത്സാരീതിയായി 'യോഗാതെറാപ്പി' എന്ന മേഖല വികാസം പ്രാപിച്ചത് അടുത്ത കാലത്താണ്. യോഗയെ കായിക ഇനമായി സ്‌കൂൾതലം മുതൽ അംഗീകരിച്ചിട്ടുള്ളതും ഇതിന്റെ ജനകീയ അടിത്തറയുടെ ഉത്തമോദാഹരണമാണ്. ദേശീയതല യോഗാമത്സരങ്ങൾ ഓൺലൈനിൽ നടന്നുവരികയാണ്. രാജ്യത്ത് എവിടെനിന്നുമുള്ള മത്സരാർഥികൾക്കും വിധികർത്താക്കളുടെ നിർദേശമനുസരിച്ച് ഇതിന്റെ ഭാഗമാകാം. സർവകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും സംഘടനകളും യോഗാദിനത്തോടനുബന്ധിച്ച് ഓൺലൈൻ യോഗാ ക്വിസ് മത്സരങ്ങളും വെബിനാറുകളും സംഘടിപ്പിക്കുന്നു.
സന്തോഷകരമായ ജീവിതം നയിക്കാൻ യോഗ ജീവിതത്തിന്റെ ഭാഗമാക്കുക. സംഘർഷങ്ങളെ സമചിത്തതയോടെ പരിഹരിക്കാൻ യോഗ സഹായിക്കും.
മികച്ച പ്രതിരോധ ശക്തിയുള്ളവരുടെ ശരീരത്തെ കോറോണ വൈറസ് കാര്യമായി ആക്രമിക്കില്ല. സ്ഥിരമായി യോഗാപരിശീലനത്തിലേർപ്പെട്ട് കായികക്ഷമതയും രോഗപ്രതിരോധശേഷിയും നേടുക എന്നതാണ് യോഗാദിനത്തിന്റെ കാതലായ ഉദ്ദേശ്യവും ലക്ഷ്യവും.
യോഗയിലെ മിക്കവാറും ആസനങ്ങളും പരസ്പര പൂരകങ്ങളാണ്. എല്ലാ യോഗാസനങ്ങളും ചെയ്യാൻ ആദ്യഘട്ടത്തിൽ കഴിഞ്ഞെന്നുവരില്ല. ആയതിനാൽ അത്തരക്കാർ യോഗയിൽ ശാസ്ത്രീയ അടിത്തറയുളള ഒരാളിൽ നിന്നും പാഠങ്ങൾ അഭ്യസിക്കുക.
യോഗയിലൂടെ ഹൃദയ - ശ്വസനക്ഷമത മെച്ചപ്പെടുന്നു, ശരീരഭാര നിയന്ത്രണം തുടങ്ങിയ ശാരീരിക നേട്ടങ്ങൾ ലഭിക്കുന്നു. കൂടാതെ സമ്മർദ്ദം, ഉത്കണ്ഠ, ഭയം, ആക്രമണോത്സുകത, വിഷാദം തുടങ്ങിയ പ്രശ്നങ്ങളെ ലഘൂകരിച്ച് മാനസികമായ ആരോഗ്യം കൈവരിക്കാം.
ഇന്ന് യോഗാപഠനം സംസ്ഥാന ദേശീയ പാഠ്യപദ്ധതികളുടെ ഭാഗമാണ്. നിലവിലുള്ള ആരോഗ്യ കായിക വിദ്യാഭ്യാസ പഠനത്തിൽ യോഗയും ഉൾപ്പെടുന്നു. അതിനാൽ കുട്ടികൾക്ക് വളരെ ചെറിയ ക്ലാസുകൾ മുതൽ യോഗയുടെ ബാലപാഠങ്ങൾ ഗ്രഹിക്കാൻ അവസരമുണ്ട്. യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തെ പ്രധാനപ്പെട്ട സർവകലാശാലകളും കലാലയങ്ങളും യോഗയുമായി ബന്ധപ്പെട്ട ബിരുദ, ബിരുദാനന്തര കോഴ്സുകൾ നടത്തുന്നു. യോഗയുടെ പ്രചാരം രാജ്യവ്യാപകമായി വർദ്ധിപ്പിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ വലിയ പങ്കുവഹിച്ചു .
സ്ഥിരമായി നിശ്ചിത നേരം യോഗാ പരിശീലനത്തിന് മാറ്റിവയ്ക്കുന്നതിലൂടെ കായികക്ഷമത വർധിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി വികസിക്കുകയും ചെയ്യുന്നു. ജൂൺ 21 ന്റെ ഊർജവും ആവേശവും മുന്നോട്ടുള്ള ദിവസങ്ങളിലും ഉണ്ടായിരിക്കണം.
ലേഖകൻ എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസറാണ്
ഫോൺ : 9846024102