racism

വാഷിം​ഗ്ടൺ: ആഫ്രോ - അമേരിക്കൻ വംശജൻ റെയ്ഷാഡ് ബ്രൂക്ക്സിനെ വെടിവച്ച് കൊന്ന കേസിൽ അറ്റ്ലാന്റ പൊലീസ് ഓഫിസർ ​ഗാരറ്റ് റോൾഫിനെതിരെ അതിക്രൂരമായ നരഹത്യയ്ക്ക് കേസെടുത്തു. വെടിയേറ്റ് പിടഞ്ഞ ബ്രൂക്ക്സിനെ റോൾഫ് തൊഴിക്കുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ബ്രൂക്ക്സിന്റെ ജീവൻ രക്ഷിക്കേണ്ടതിനു പകരം റോൾഫ് ചെയ്തത് അതിക്രൂരവും നിന്ദ്യവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്ന് ഫുൾട്ടൺ ജില്ലാ കോടതി വിലയിരുത്തി.

​റോൾഫിനെതിരെ 11 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബ്രൂക്ക്സിനെ വെടിവച്ച ശേഷം റോൾഫ് പ്രതികരിച്ചത് എനിക്കവനെ കിട്ടി എന്നായിരുന്നു. തുടർന്ന്, ജീവന് വേണ്ടി പിടഞ്ഞ ബ്രൂക്ക്സിന് പ്രാഥമിക ചികിത്സ നൽകുന്നതിനു പകരം റോൾ‌ഫ് ചവിട്ടുകയും തൊഴിക്കുകയും ചെയ്തു - ജില്ലാ അറ്റോർണി പോൾ ഹവാർഡ് കോടതിയിൽ പറഞ്ഞു. 'അദ്ദേഹം കടന്നുപോയത് എത്രമാത്രം വേദനയിലൂടെയാണെന്ന് എനിkdkd മനസിലായി, അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നു' എന്നാണ് ബ്രൂക്ക്സിന്റെ വിധവ ടോമിക മില്ലർ അറ്റോർണിയുടെ വാക്കുകൾ കേട്ട ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

തെക്കുകിഴക്കൻ ന​ഗരമായ ജോർജിയയിലെ വെൻഡീസ് ഭക്ഷണശാലയ്ക്കടുത്തു വച്ചാണ് റെയ്ഷാഡ് ബ്രൂക്ക്സിന് (27) പൊലീസിന്റെ വെടിയേറ്റത്. രക്തസ്രാവവും അവയവങ്ങൾക്കേറ്റ പരിക്കുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബ്രൂക്ക്സിന്റെ മരണം ലോകമെമ്പാടും കടുത്ത പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്.