ന്യൂഡൽഹി: അതിർത്തിയിൽ സുരക്ഷാ ചുമതലയുളള സൈനികർ എപ്പോഴും സായുധരായിരിക്കുമെന്നും എന്നാൽ മുഖാമുഖം ഇരുപക്ഷത്തുമുളള സൈനികരും വരുമ്പോൾ വെടിയുതിർക്കുന്ന പതിവില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. നിരായുധരായ സൈനികരെ ചൈനാ അതിർത്തിയിലേക്ക് അയച്ചതെന്തിനെന്ന രാഹുൽഗാന്ധിയുടെ വിമർശനത്തിനുള്ള മറുപടി നൽകുകയായിരുന്നു അദ്ദേഹം.
1996ലും 2005ലും ഇരുരാജ്യങ്ങളുമുണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് തമ്മിൽ വെടിയുതിർക്കാത്തത്. 'ഗാൽവനിൽ 15ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരും ഇങ്ങനെ തന്നെയായിരുന്നു.' രാഹുൽ ഗാന്ധിക്ക് മറുപടിയായി കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.
തിങ്കളാഴ്ച രാത്രി 7മണിയോടെയാണ് ഗാൽവൻ വാലിയിൽ കേണൽ സന്തോഷ് ബാബുവിന്റെ നേതൃത്വത്തിൽ അൻപതോളം സൈനികർ എത്തി. തുടർന്ന് ഏഴ് മണിക്കൂറോളം നീണ്ട പോരാട്ടമാണ് നടന്നത്. പോരാട്ടത്തിൽ ഇരുപതോളം ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായി. ഇരുവിഭാഗം സൈനികരും പരസ്പരം മർദ്ദിക്കുകയും കല്ലുപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇരുമ്പ് വടികളും ആണി തറച്ച ദണ്ഡും ഉപയോഗിച്ച് ചൈനീസ് പട്ടാളം ഇന്ത്യൻ സൈനികരെ അതിക്രൂരമായാണ് ആക്രമിച്ചത്. സംഘർഷ തീവ്രത കുറയ്ക്കാനായി തുടർന്ന് ചൈനീസ് സൈനികരെ സ്ഥലത്ത് നിന്നും പിൻവലിച്ചു.
സംഭവത്തെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രിയായ വാങ് യിയെ ഫോണിൽ വിളിച്ച് ശക്തമായ അമർഷം രേഖപ്പെടുത്തി. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുളളതാണ് ചൈന അതിർത്തിയിൽ നടത്തിയ അക്രമമെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. ഗാൽവൻ വാലി സംഭവത്തിന് ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് രാജ്യം ചൈനയെ അറിയിച്ചു. അതിർത്തിയിലെ സേനയെ ചൈന വേണ്ടപോലെ നിയന്ത്രിക്കണമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി.