തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 97 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 65 പേർ വിദേശത്തുനിന്നും 29 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിയവരാണ്. മൂന്ന് പേർക്കാണ് ഇന്ന് സമ്പർക്കം വഴി രോഗം വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. ഇന്ന് മാത്രം 89 പേർ കൊവിഡ് രോഗമുക്തി നേടിയിട്ടുമുണ്ട്. അതേസമയം ഇന്ന് ഒരാൾ രോഗം മൂലം മരണപ്പെട്ടിട്ടുമുണ്ട്. കണ്ണൂർ ജില്ലയിൽ, എക്‌സൈസ് വകുപ്പിലെ ഡ്രൈവറായ കെ.പി സുനിൽ ആണ് മരണമടഞ്ഞത്. 28 വയസായിരുന്നു.
പാലക്കാട് 14 പേർക്കും കൊല്ലത്ത് 13 പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ 11 പേർക്ക് വീതവും ആലപ്പുഴയിൽ ഒൻപത് പേർക്കും എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ ആറ് പേർക്ക് വീതവും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ അഞ്ച് പേർക്ക് വീതവും മലപ്പുറം, കണ്ണൂർ ജില്ലകളിൽ നാല് പേർക്ക് വീതവും, കാസർകോഡ് ജില്ലയിൽ മൂന്ന് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ഇന്ന് കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം ഇനി പറയുന്നതാണ്. തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, എറണാകുളം 4, തൃശൂർ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കണ്ണൂർ 4, കാസർകോട് 11. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം വന്നവരുടെ എണ്ണം 2794 ആയി. നിലവിൽ 1358 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 1,26,839 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1967 പേർ ആശുപത്രികളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് മാത്രം 190 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.