തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ മഴ കൂടുതൽ ലഭിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, പ്രളയത്തെ നേരിടാൻ പുതിയ പ്രോട്ടോക്കോൾ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി തയ്യാറാക്കി. വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ജില്ലാ തലങ്ങളിൽ ഇതിനായി മോക്ഡ്രില്ലുകൾ തുടങ്ങി.
വെള്ളപ്പൊക്കമുണ്ടായാൽ, കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മുൻവർഷങ്ങളിലേതു പോലെ ആളുകൾ തിങ്ങിപ്പാർക്കുന്ന ദുരിതാശ്വാസ കേന്ദ്രങ്ങൾ സാദ്ധ്യമാവില്ല. അതിനാൽ, വെവ്വേറെ കെട്ടിടങ്ങൾ കണ്ടെത്താനാണ് തദ്ദേശസ്ഥാപനങ്ങൾക്കുള്ള നിർദ്ദേശം.
നാല് തരം
കെട്ടിടങ്ങൾ
1- കൊവിഡ് ലക്ഷണങ്ങളില്ലാത്തവർക്ക്
2- 60 കഴിഞ്ഞവർക്കും മറ്റ് രോഗങ്ങളുള്ളവർക്കും
3- കൊവിഡ് ലക്ഷണങ്ങളുള്ളവർക്ക്
4- ക്വാറന്റൈനിൽ കഴിയുന്നവർക്ക്
മൂന്നും, നാലും വിഭാഗം കെട്ടിടങ്ങളിൽ മുറിയോടു ചേർന്ന് ടോയ്ലെറ്റ് സൗകര്യം . മുമ്പ് ഒരു മുറിയിൽ 20, 30 ആളുകൾ. ഇത്തവണ രണ്ടു കുടുംബം, അല്ലെങ്കിൽ പരമാവധി 12 പേർ. ഒരു മുറിയിലുള്ളവർ മറ്റൊരു മുറിയിലുള്ളവരുമായി ഇടപെടുന്നതിൽ നിയന്ത്രണം. ഗ്ലാസ്, പ്ളേറ്റ് എന്നിവ പ്രത്യേകമായി കരുതണം. നാല് തരത്തിലുമുള്ളവരെ പാർപ്പിക്കാനുള്ള കെട്ടിടങ്ങൾ ഒരേ വില്ലേജിൽ കണ്ടെത്താനായില്ലെങ്കിൽ, ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുമായി ബന്ധപ്പെട്ട് ബദൽ മാർഗങ്ങൾ കണ്ടെത്തണം. ക്വാറന്റൈനിൽ കഴിയുന്നവരുടെ രക്ഷാപ്രവർത്തനത്തിന് ആരോഗ്യ പ്രവർത്തകരെയും കൂട്ടണം. ക്യാമ്പുകളിലെ തിരക്കൊഴിവാക്കാൻ ബന്ധുവീടുകളിലേക്ക് മാറുന്നത് പ്രോത്സാഹിപ്പിക്കണം. ക്യാമ്പുകളിലെ വിവരശേഖരണത്തിന് ലാൻഡ് റവന്യൂ കമ്മിഷണർ മൊബൈൽ ആപ്പ് തയ്യാറാക്കും. ആലപ്പുഴ, തൃശൂർ, കോട്ടയം ജില്ലകളിൽ പ്രത്യേക മുന്നൊരുക്കം വേണമെന്നും പ്രോട്ടോക്കോളിൽ (ഓറഞ്ച് ബുക്ക്) പറയുന്നു.
അപകടസാദ്ധ്യതകൾ
*മേൽമണ്ണ് കഴിഞ്ഞ പ്രളയത്തിൽ നഷ്ടപ്പെട്ടതിനാൽ മഴവെള്ളം നദികളിൽ പെട്ടെന്നെത്തി ജലനിരപ്പ് ഉയരാം.
*വേനൽമഴ കൂടുതൽ ലഭിച്ചതിനാൽ മണ്ണ് കുതിർന്ന നിലയിൽ. മണ്ണിടിച്ചിലിന് കൂടുതൽ സാദ്ധ്യത.
*മലയോരമേഖലകളിൽ മലവെള്ളപ്പാച്ചിൽ.
കാലവർഷം :
2018 - 3200 മി.ലി
2019 -2300 മി.ലി
2020ൽ
പ്രതീക്ഷിക്കുന്നത്- 2380- 2500