തിരുവനന്തപുരം: ഭീമമായ തുക വൈദ്യുതി ബില്ലായി അടയ്‌ക്കേണ്ടി വരുന്നു എന്ന വ്യാപക പരാതിയുടെ പശ്ചാത്തലത്തിൽ വൈദ്യുതി ബില്ലിൽ ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഒന്നിച്ച് തുക അടയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് തവണ സൗകര്യം ലഭ്യമാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് സബ്‌സിസി നൽകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. അതേസമയം, 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് ബില്ലിന്റെ 30 ശതമാനം സബ്‌സിഡി നൽകുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 25 ശതമാനമാണ് സബ്സിഡി. 150ന് മുകളിൽ ഉപയോഗിക്കുന്നവർക്ക് 20 ശതമാനമായിരിക്കും സബ്സിഡി.
പരാതി ഉയർന്ന സാഹചര്യത്തിൽ അത് പരിശോധിക്കാനും പിശകുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്താനും വൈദ്യുതി ബോർഡിനോട് സർക്കാർ നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ബോർഡ് ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. താരിഫ് ഘടനയിലോ വൈദ്യുതി നിരക്കിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒന്നിച്ച് തുക അടയ്ക്കുന്നതിന് പ്രയാസമുള്ളവർക്ക് തവണ വ്യവസ്ഥയിൽ അടയ്ക്കാനുള്ള അവസരം അനുവദിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ബില്ലടച്ചില്ല എന്ന കാരണത്താൽ ആരുടേയും വൈദ്യുതി ബന്ധം വിച്ഛേദിക്കില്ല. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ളവർക്ക് വൈദ്യുതി സൗജന്യമാണ്. ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ ഇത്തരത്തിലുള്ളവർക്ക് സൗജന്യം അനുവദിക്കും. മുഖ്യമന്ത്രി പറഞ്ഞു.
പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ളവർക്ക് യൂണിറ്റിന് ഒന്നര രൂപയാണ് നിരക്ക്. ഈ വിഭാഗത്തിൽപ്പെട്ടവരുടെ ബില്ലിൽ ഇപ്പോഴത്തെ ഉപയോഗം എത്ര യൂണിറ്റായാലും ഒന്നര രൂപ തന്നെ നൽകിയാൽ മതി. അദ്ദേഹം പറഞ്ഞു.
പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഇത്തവണ അധികം ഉപഭോഗം മൂലമുണ്ടായ ബില്ലിൽ ബിൽ തുക വർദ്ധനവിന്റെ പകുതി സബ്സിഡി നൽകും. വൈദ്യുതി ബിൽ അടയ്ക്കാൻ മൂന്ന് തവണ വരെ സമയം അനുവദിച്ചിരുന്നു. ഇത് അഞ്ച് തവണ വരെയാക്കും. 90 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ കുട്ടികളുടെ ആത്മഹത്യ കൂടുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതേകുറിച്ച് പഠനം നടത്താൻ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ജനങ്ങൾക്ക് രോഗത്തിനെതിരെയുള്ള ജാഗ്രത കുറഞ്ഞുവെന്നും പലരും ശാരീരിക അകലം പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
റോഡുകളിൽ തിരക്ക് കൂടുന്നു. ക്വാറന്റീൻ ലംഘനം പൊലീസ് കർശനമായി പരിശോധിക്കും. അദ്ദേഹം പറഞ്ഞു. ഇന്ന് സംസ്ഥാനത്ത് 97 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 65 പേർ വിദേശത്തുനിന്നും 29 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിയവരാണ്.
മൂന്ന് പേർക്കാണ് ഇന്ന് സമ്പർക്കം വഴി രോഗം വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. ഇന്ന് മാത്രം 89 പേർ കൊവിഡ് രോഗമുക്തി നേടിയിട്ടുമുണ്ട്. അതേസമയം ഇന്ന് ഒരാൾ രോഗം മൂലം മരണപ്പെട്ടിട്ടുമുണ്ട്. കണ്ണൂർ ജില്ലയിൽ, എക്‌സൈസ് വകുപ്പിലെ ഡ്രൈവറായ കെ.പി സുനിൽ ആണ് മരണമടഞ്ഞത്. 28 വയസായിരുന്നു.