തിരുവനന്തപുരം: ഗൾപ് രാജ്യങ്ങളിൽ റാപ്പിഡ് ടെസ്റ്റ് നടത്താൻ സൗകര്യമില്ലാത്ത പ്രവാസികൾക്ക് കൊവിഡ് പരിശോധനയ്ക്കായി ട്രൂനാറ്റ് കിറ്റ് ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ട്രൂനാറ്റ് കിറ്റ് ലഭ്യമാക്കുന്നതിന് എയർലൈൻ കമ്പനികളുടെ സഹകരണവും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ അനുവാദവും ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ പരിശോധനാ സൗകര്യം ലഭ്യമാണ്. അതില്ലാത്ത കുവൈറ്റ്, ബെഹ്‌റിൻ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്ന് തിരിച്ചുവരുന്ന പ്രവാസികളുടെ പരിശോധനയ്ക്ക് കിറ്റുക& സഹായകമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 2,79,657 പേരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വന്നത്. 1172 പേർക്ക് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. 669 പേർ വിദേശരാജ്യത്ത് നിന്നും 503 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.