പാട്ന: തിങ്കളാഴ്ച രാത്രിയുണ്ടായ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിടെ ബിഹാർ സ്വദേശിയായ സൈനികൻ സുനിൽ റായ് വീരമൃത്യു വരിച്ചെന്ന ഫോൺവിവരം സരൺ ജില്ലയിലെ സുനിലിന്റെ വീടും നാടും ഒന്നടങ്കം വലിയ നിലവിളിയോടെയാണ് കേട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സുനിലിന്റെ വീട്ടിലേക്ക് മരണവിവരം അറിയിച്ച് അധികൃതരുടെ ഫോൺകോൾ എത്തിയത്. എന്നാൽ, ഇന്നലെരാവിലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മറ്റൊരു ഫോൺകാൾ വന്നു, അത് സുനിലായിരുന്നു. താൻ മരിച്ചില്ലെന്നും ജീവനോടെയുണ്ടെന്നും സുനിൽ റായ് വിളിച്ചറിയിച്ചപ്പോൾ അത് വിശ്വസിക്കണോ വേണ്ടയോ എന്ന അങ്കലാപ്പിലായി ബന്ധുക്കൾ.
പേരുകൾ തമ്മിലുള്ള സാമ്യമാണ് ഇത്തരമൊരു തെറ്റിദ്ധാരണയ്ക്ക് കാരണമായെന്നും താൻ കുഴപ്പമൊന്നുമില്ലാതെ ഇരിക്കുന്നുവെന്നും സുനിൽറായ് വീഡിയോ കാളിലൂടെ പറഞ്ഞതോടെ കുടുംബത്തിന്റെ ദു:ഖം, സന്തോഷത്തിന് വഴിമാറി. ബിഹാർ റെജിമെന്റിൽ നിന്നുള്ള രണ്ടുപേരാണ് ലഡാക്ക് അതിർത്തിയിൽ സേവനം അനുഷ്ഠിക്കുന്നത്. മരണപ്പെട്ടത് സുനിൽ കുമാർ എന്നയാളാണ്. ഇദ്ദേഹത്തിന്റെ സ്ഥലം പാട്നയിലെ ബിഹാതയാണ്. എന്നാൽ സരൺ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് തെറ്റിദ്ധാരണയുണ്ടായി. ഇതോടെ ലേയിൽ സേവനമനുഷ്ഠിക്കുന്ന സുനിൽ റായിയുടെ ഭാര്യയെ സൈനിക അധികൃതർ മരണ വാർത്ത അറിയിച്ചത്. സരൺ ജില്ലാ അധികൃതർക്കും വിവരം ലഭിച്ചിരുന്നു.
എന്നാൽ ഓൺലൈനിൽ തന്റെ മരണവാർത്ത കണ്ടതിനെ തുടർന്നാണ് സുനിൽ റായ് ഭാര്യയെ ഫോൺ ചെയ്തതെന്നും വിവരമുണ്ട്..
'ചേട്ടന്റെ ഫോൺകാൾ തങ്ങൾക്ക് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. ദൈവത്തിന് നന്ദി പറയുകയാണ്." സുനിൽ റായിയുടെ സഹോദരൻ രാം കുമാർ പ്രതികരിച്ചു.