മുംബയ്: നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയുടെ മൊഴി രേഖപ്പെടുത്തി. സുശാന്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന റിയ, ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് മൊഴി നൽകിയത്. ഇതു രണ്ടാം തവണയാണ് നടിയുടെ മൊഴിയെടുക്കുന്നത്. ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടറും സുശാന്തിന്റെ അടുത്ത സുഹൃത്തുമായ മുകേഷ് ചബ്രയുടെ മൊഴി ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ഇതുവരെ 10 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സുശാന്തിന് വിഷാദരോഗമുണ്ടാകാനുള്ള കാരണം കണ്ടെത്താനാണ് ശ്രമം. വിഷാദത്തിനൊപ്പം ബോളിവുഡിലെ ഒറ്റപ്പെടുത്തലും സുശാന്തിന്റെ മരണത്തിന് കാരണമായെന്ന ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. സിനിമാ പശ്ചാത്തലമില്ലാത്ത ഇടത്തരം കുടുംബത്തിൽ നിന്ന് ഉയർന്നുവന്ന സുശാന്തിന് ബോളിവുഡിൽ പിടിച്ചുനിൽക്കാൻ ഒട്ടേറെ വെല്ലുവിളികളുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ ആരോപിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണിത്.
അവസാന ദിവസങ്ങളിലെ ഫോൺ കോളുകളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. റിയ ചക്രവർത്തി, സുഹൃത്തും നടനുമായ മഹേഷ് ഷെട്ടി, സഹോദരി, അച്ഛൻ കെ.കെ.സിംഗ് എന്നിവരെ മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ വിളിച്ചിരുന്നു.