തിരുവനന്തപുരം :സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ അമ്പത് ശതമാനം ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബാക്കിയുള്ളവർ വീടുകളിലിരുന്ന് ജോലി ചെയ്യണം. ഓഫീസ് മേധാവിക്ക് ഇത് ക്രമീകരിക്കാം. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം നിലച്ചുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു ഓഫീസ് പൂർണമായും അടച്ചിടേണ്ട സ്ഥിതി ഒഴിവാക്കാനാണ് ഇത്തരത്തിൽ ക്രമീകരണം കൊണ്ടുവരുന്നത്. പകുതിപേർ ഒരാഴ്ച ഓഫീസിലിരുന്നും ശേഷിക്കുന്നവർ വീടുകളിലിരുന്നും ജോലി ചെയ്യണം. അടുത്ത ആഴ്ച മറ്റുള്ളവർ ഓഫീസില്‍ എത്തണം. ഈ സമയത്ത് രോഗം ബാധിച്ചാൽ പോലും ഒരു വിഭാഗത്തെ മാത്രമേ ക്വാറന്റൈനിലാക്കേണ്ടതുള്ളു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
ഓഫീസ് മീറ്റിംഗുകൾ ഓൺലൈനിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫീസ് പ്രവർത്തനങ്ങളുടെ നടപടിക്രമം ചീഫ് സെക്രട്ടറി തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തും. കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുമ്പോൾ അതത് ജില്ലകളിൽ നിന്നുള്ളവരെ പൂൾ ചെയ്ത് ഉപയോഗിക്കുന്നതാണ് നല്ലത്. കൊവിഡ് ഡ്യൂട്ടി ചെയ്യുന്നവർ കുടുംബത്തോടൊപ്പം ആ ഘട്ടത്തിൽ താമസിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.