kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം നിലവിലെ രോഗികളെക്കാൾ കൂടുതലായി ഉയർന്നു. നിലവിൽ കേരളത്തിലെ രോഗം ബാധിച്ച് ചികിത്സയിൽ ഇരിക്കുന്നവരുടെ എണ്ണം 1358 ആണ്. അതേസമയം സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായത് 1413 പേർക്കാണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2794 ആണ്.

ഇന്ന് മാത്രം സംസ്ഥാനത്ത് 97 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 65 പേർ വിദേശത്തുനിന്നും 29 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിയവരാണ്. മൂന്ന് പേർക്കാണ് ഇന്ന് സമ്പർക്കം വഴി രോഗം വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.

ഇന്ന് മാത്രം 89 പേർ കൊവിഡ് രോഗമുക്തി നേടിയിട്ടുമുണ്ട്. അതേസമയം ഇന്ന് ഒരാൾ രോഗം മൂലം മരണപ്പെട്ടിട്ടുമുണ്ട്. കണ്ണൂർ ജില്ലയിൽ, എക്‌സൈസ് വകുപ്പിലെ ഡ്രൈവറായ കെ.പി സുനിൽ ആണ് മരണമടഞ്ഞത്. 28 വയസായിരുന്നു.