ന്യൂഡൽഹി: ഇന്ത്യൻ സൈന്യം വധിച്ച 30 ചൈനീസ് പീപ്പിൾസ് ലിബറേഷൻ 'പേരുവിവരങ്ങൾ' പുറത്തുവിട്ട ദേശീയ മാദ്ധ്യമമായ 'ടൈംസ് നൗ' വെട്ടിൽ. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു വാട്സാപ്പ് ഫോർവേർഡിനെ അടിസ്ഥാനപ്പെടുത്തിയാണ് ടൈംസ് നൗ ഈ വാർത്ത നൽകിയതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
വാർത്തകൾക്ക് പിന്നിലെ വസ്തുതകൾ പരിശോധിക്കുന്ന വെബ്‌സൈറ്റായ 'ആൾട്ട് ന്യൂസ്' ആണ്ഇക്കാര്യം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വാർത്താ സ്രോതസ് എന്ന നിലയിൽ ടൈംസ് നൗ ചൈനീസ് മാദ്ധ്യമമായ 'ഗ്ലോബൽ ടൈംസി'ന്റെ പേരാണ് നൽകിയിരുന്നത്. എന്നാൽ ഗ്ലോബൽ ടൈംസ് മരണപ്പെട്ട ചൈനീസ് സൈനികരുടെ എണ്ണം വ്യക്തമാക്കുന്ന ഒരു വാർത്തയും നൽകിയിട്ടില്ലെന്നാണ് ആൾട്ട് ന്യൂസ് പറയുന്നത്.
ഈ വാർത്ത ബ്രേക്കിംഗ് ന്യൂസ് ആയി നൽകിയ ടൈംസ് നൗ അൽപ്പ സമയത്തിന് ശേഷം വാർത്തയുടെ ട്വീറ്റ് പിൻവലിച്ചിരുന്നു. വാട്സാപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ട സന്ദേശത്തിനോടൊപ്പം 'ചൈന ന്യൂസ്' എന്ന വെബ്സൈറ്റിൽ നിന്നുമാണ് ഈ വിവരം ലഭിച്ചതെന്ന് പറഞ്ഞുകൊണ്ട് വെബ്‌സൈറ്റിന്റെ ലിങ്കും പ്രചരിച്ചിരുന്നു.
എന്നാൽ ഈ ലിങ്കിൽ പ്രവേശിക്കുമ്പോൾ ചൈന ന്യൂസിന്റെ ഹോം പേജ് മാത്രമാണ് കാണാൻ സാധിക്കുന്നതെന്നും ആൾട്ട് ന്യൂസ് ചൂണ്ടിക്കാണിക്കുന്നു. സമാനമായ രീതിയിൽ 43 ചൈനീസ് സൈനികർ ലഡാക്കിലെ സംഘർഷത്തിൽ മരിച്ചുവെന്ന വാർത്തയ്ക്കും അടിസ്ഥാനമില്ലെന്നാണ് 'ആൾട്ട് ന്യൂസ്' ചൂണ്ടിക്കാണിക്കുന്നത്.
ഇരു രാജ്യങ്ങളുടെയും സർക്കാരുകൾ 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് പറഞ്ഞിട്ടില്ലെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐയും അമേരിക്കൻ മാദ്ധ്യമമായ യു.എസ് ന്യൂസും മാത്രമാണ് ചൈനീസ് സൈനികരുടെ സംഘ്യ നൽകികൊണ്ട് വാർത്ത നൽകിയതെന്നും ആൾട്ട് ന്യൂസ് പറയുന്നുണ്ട്.
'സ്രോതസുകൾ' എന്ന് മാത്രം പറഞ്ഞുകൊണ്ട് എ.എൻ.ഐ 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് പറയുമ്പോൾ 'യു.എസ് ഇന്റലിജൻസ് സ്രോതസുകളുടെ അടിസ്ഥാനത്തിൽ' 35 ചൈനീസ് സൈനികർ സംഘർഷത്തിൽ കൊല്ലപ്പെട്ടുവെന്നാണ് യു.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തത്.
ദേശീയ മാദ്ധ്യമങ്ങൾ അടക്കമുള്ള രാജ്യത്തെ മാദ്ധ്യമങ്ങൾ 43 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്ന വാർത്ത നൽകിയ പശ്ചാത്തലത്തിലാണ് 'ആൾട്ട് ന്യൂസ്' ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.