ലഡാക്ക് : ഗൽവാൻ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു വരിക്കേണ്ടി വന്ന പശ്ചാത്തലത്തിൽ ചൈനയ്ക്ക് ശക്തമായ മറുപടി നൽകേണ്ട സമയമായെന്ന് ലഡാക്ക് എം.പി ജംയാംഗ് ടിസെറിംഗ് നംഗ്യാൽ. 2016-ലെ ഉറി ആക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തുന്നതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം ഇപ്പോഴുള്ളതിന് സമാനമായിരുന്നുവെന്നും നംഗ്യാൽ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1962-ലെ സർക്കാരുപോലെയല്ല ഇപ്പോഴത്തെ സർക്കാരെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുപറയുമോ അത് ചെയ്യുമെന്നും നംഗ്യാൽ പറഞ്ഞു.
1962-ലെ യുദ്ധത്തിൽ ചൈനീസ് സൈന്യം കൈവശപ്പെടുത്തിയ അക്‌സായ് ചിൻ തിരിച്ചുപിടിക്കണമെന്നും നംഗ്യാൽ ആവശ്യപ്പെട്ടു. 1962-ലെ യുദ്ധത്തിൽ 37,244 ചതുരശ്ര കിലോമീറ്ററാണ് ചൈന കൈവശപ്പെടുത്തിയത്. ഇന്ന് അക്‌സായ് ചിന്‍ എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ സൈനികരുടെ രക്തസാക്ഷിത്വത്തിന് ശേഷം അക്‌സായ് ചിൻ തിരിച്ചുപിടിക്കാനുളള സമയമായെന്നാണ് കരുതുന്നതെന്നും നംഗ്യാൽ പറഞ്ഞു.