railway-

ന്യൂഡൽഹി: ഗൽവാൻ താഴ്‌വരയിലെ ഇന്ത്യ- ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനീസ് കമ്പനിക്ക് നൽകിയ കരാർ റെയിൽവേ റദ്ദാക്കി. ചരക്ക് ഇടനാഴി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേയും ബെയ്ജിംഗ് നാഷണൽ റെയിൽവേ റിസർച്ച് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നൽ ആൻഡ് കമ്മ്യൂണിക്കേഷൻ ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറാണ് റദ്ദാക്കിയത്.

കാൺപൂർ ദീൻദയാൽ ഉപാദ്ധ്യായ റെയിൽവേ സെക്ഷന്റെ 417 കിലോമീറ്റർ സിഗ്‌നലിംഗും ടെലികോം കരാറുമാണ് റദ്ദാക്കിയത്. കാൺപൂരിനും മുഗൾസരായിക്കും ഇടയിലെ ഇടനാഴി നിർമ്മാണത്തിനുള്ള സിഗ്നലിംഗ് ടെലികമ്മ്യൂണിക്കേഷൻ കരാറാണ് ചൈനീസ് കമ്പനിക്ക് നല്‍കിയിരുന്നത്. 471 കോടിയുടെ കരാറാണ് റദ്ദാക്കിയത്.

അതേസമയം പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസം കണക്കിലെടുത്താണ് കരാർ അവസാനിപ്പിക്കുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. 2016ലാണ് കരാർ ഒപ്പിട്ടത്. നാല് വർഷം കഴിഞ്ഞിട്ടും പദ്ധതിയുടെ 20 ശതമാനംമാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. ലോക ബാങ്ക് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയിരുന്നത്. ഇന്ത്യ ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനീസ് കമ്പനികളെ ബഹിഷ്‌കരണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവേ ചൈനീസ് കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ചിരിക്കുന്നത്