മുംബയ്: കൊവിഡിന്റെ ഹോട്ട്‌സ്പോട്ടായ മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 3752 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം സ്ഥിരീകരിക്കപ്പെടുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിലെ ഏറ്റവും വലിയ വർദ്ധനയാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,20,504 ആയി. ഇതുവരെ 5,751 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇന്നു മാത്രം 100 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതുവരെ 60,838 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് 1,672 പേരാണ് രോഗമുക്തി നേടിയതെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
ധാരാവിയിൽ ഇന്ന് പുതുതായി 28 പേർക്കു കൂടി കൊവിഡ് ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 2,134 ആയി. ഇതുവരെ 78 പേരാണ് ധാരാവിയിൽ മരിച്ചത്.
അതേസമയം ഗുജറാത്തിൽ 24 മണിക്കൂറിനിടെ 510 പുതിയ കേസുകളും 31 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 25,660 ആയി. ഇതിൽ 17,829 പേർ രോഗമുക്തി നേടി. 1,592 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്.