യുവന്റസിനെ ഷൂട്ടൗട്ടിൽ കീഴടക്കി നാപ്പോളി കോപ്പ ഇറ്റാലിയ ജേതാക്കൾ
റോം : യുവന്റസ് പരിശീലകനെന്ന നിലയിൽ തന്റെ ആദ്യ കിരീടം തേടിയിറങ്ങിയ മൗറീഷ്യോ സറിക്ക് തന്റെ പഴയ ടീമായ നാപ്പോളി പണി കൊടുത്തു. സറിക്കൊപ്പം നേടാൻ കഴിയാതിരുന്ന കോപ്പ ഇറ്റാലിയ കിരീടത്തിൽ ജെന്നാരോ ഗെറ്റൂസോ എന്ന യുവ കോച്ചിന് കീഴിൽ കഴിഞ്ഞരാത്രി നാപ്പോളി താരങ്ങൾ മുത്തമിട്ടു.
സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അണിനിരന്ന യുവന്റസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിന് കീഴടക്കിയാണ് നാപ്പോളി തങ്ങളുടെ ആറാം കോപ്പ സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോളടിക്കാൻ മറന്നതിനാലാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ നാപ്പോളിക്കുവേണ്ടി ആദ്യനാല് കിക്കുകൾ എടുത്തവർ യുവന്റസ് ഗോളി ജിയാൻ ലൂഗി ബഫണിനെ കബളിപ്പിച്ചപ്പോൾ യുവന്റസിനായി ആദ്യകിക്കെടുത്ത പൗലോ ഡിബാലയും രണ്ടാം കിക്കെടുത്ത ഡാനിലോയും ഉന്നം മറന്ന് തെന്നിപ്പറന്നു. ഡിബാലയുടെ കിക്ക് നാപ്പോളി ഗോളി അലക്സ് മെറെറ്റ് തട്ടിയിട്ടപ്പോൾ ഡാനിലോ വലയ്ക്ക് മേലെയ്ക്കാണ് പന്തടിച്ചുകളഞ്ഞത്. അവസാന കിക്കെടുക്കാൻ നിന്ന ക്രിസ്റ്റ്യാനോയെ നിരാശനാക്കി തങ്ങളുടെ നാലാം കിക്കും വലയിലാക്കിയ നാപ്പോളി കിരീടവും കൊണ്ടുപോവുകയായിരുന്നു.
ആറാം തവണയാണ് നാപ്പോളി കോപ്പ ഇറ്റാലിയ ചാമ്പ്യൻമാരാകുന്നത്.2014 നുശേഷം ആദ്യമായി നാപ്പോളി നേടുന്ന കിരീടമാണിത്. നാപ്പോളി കോച്ച് എന്ന നിലയിൽ ഗറ്റൂസോയുടെ ആദ്യ കിരീടം.