ന്യൂഡൽഹി:കിഴക്കൻ ലഡാക്കിലെ ഗാൽവനിൽ ഉയർന്ന പ്രദേശത്ത് നേരത്തെ കെട്ടിനിറുത്തിയിരുന്ന നദീജലം തുറന്നുവിട്ടാണ് ചൈനീസ് പട്ടാളം ഇന്ത്യൻ സൈനികരെ ആദ്യം ആക്രമിച്ചത്. ഇതിനായുള്ള തയ്യാറെടുപ്പ് അവർ രണ്ട് ദിവസംമുമ്പേ തുടങ്ങിയിരുന്നതായും ഉന്നത ഗവൺമെന്റ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഗാൽവൻ മലനിരകളിൽ മുകളിൽ നിന്ന് ഒഴുകുന്ന അരുവികളിൽ ചൈനീസ് പട്ടാളം നേരത്തേ അണകെട്ടി വെള്ളം സംഭരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇന്ത്യൻ സൈനികർ എത്തിയപ്പോൾ ഈ അണകൾ അവർ തകർത്തു, അതോടെ വെള്ളം അതിശക്തമായി കുത്തിയൊഴുകി. ആ ജലപാതത്തിൽ പെട്ട ഇന്ത്യൻ സൈനികരിൽ നിരവധി പേർ ഗാൽവൻ നദിയിൽ പതിച്ചു. നില തെറ്റിയിട്ടും പിടിച്ചു നിൽക്കാൻ ശ്രമിച്ചവരെ ചൈനീസ് ഭടന്മാർ നദിയിലേക്ക് പിടിച്ചു തള്ളുകയും ഇരുമ്പ് ദണ്ഡ് കൊണ്ടും മറ്റും ക്രൂരമായി ആക്രമിക്കുകയും ചെയ്‌തു.
നേരത്തേ ഈ പ്രദേശത്തെ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് ഇപ്പുറം ഇന്ത്യൻ സൈനികരുടെ ആൾബലം അറിയാൻ ചൈനീസ് സൈന്യം ഡ്രോണുകൾ ഉപയോഗിച്ച് രഹസ്യ നിരീക്ഷണം നയത്തിയിരുന്നു. ഇന്ത്യൻ സംഘത്തിന്റെ ശേഷി മനസിലാക്കി കൂടുതൽ ചൈനീസ് സൈനികരെ സ്ഥലത്ത് എത്തിച്ചു.
നേരത്തെ ചൈനാക്കാർ ഇവിടെ കെട്ടിയ ടെന്റ് കേണൽ സന്തോഷ് ബാബു ഇളക്കി തീയിട്ടിരുന്നു. ആക്രമണം നടന്ന ജൂൺ 15ന് രണ്ട് ദിവസം മുമ്പായിരുന്നു ഇത്. ജൂൺ 6ന് സൈനിക തല ചർച്ചയിൽ ഈ ടെന്റ് മാറ്റാൻ തീരുമാനിച്ചെങ്കിലും ചൈനാക്കാർ അത് മാറ്റിയില്ല. പട്രോളിംഗിനിടെയാണ് സന്തോഷ് ബാബു അതിന് തീയിട്ടത്. അന്നേ അവർ സന്തോഷ് ബാബുവിനെ നോട്ടമിട്ടിരുന്നു. 15ന് രാത്രി സന്തോഷും സംഘവും ഇവിടെ പട്രോളിംഗിന് എത്തിയപ്പോൾ ചൈനീസ് സംഘം അണകൾ തകർത്ത് വെള്ളം ഒഴുക്കുകയും വലിയ പാറകൾ ഉരുട്ടി വിടുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ചൈനീസ് ഭടന്മാർ പരിക്കേൽക്കാതിരിക്കാൻ ഹെൽമറ്റും ശരീര കവചങ്ങളും ധരിച്ചിരുന്നു. ആണി ഘടിപ്പിച്ച ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് ഇന്ത്യൻ ഭടന്മാരെ മൃഗീയമായി ആക്രമിക്കുകയും ചെയ്‌തു.
ചൈനാക്കാർസവളരെ ആസൂത്രിതമായി നടത്തിയ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. നിരവധി ഇന്ത്യൻ ഭടന്മാർക്ക് പരിക്കേറ്റു. സൈന്യത്തിനൊപ്പം സ്ഥലത്ത് വിന്യസിച്ചിരുന്ന ഇൻഡോ - ടിബറ്റൻ അതിർത്തി പൊലീസിന്റെ രക്ഷാസംഘം അടുത്ത ദിസമാണ് പരിക്കേറ്റവരെ ഗാൽവനിലെ ബേസ് ക്യാമ്പിലേക്ക് മാറ്റിയതെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. സംഘം പരിക്കേറ്റവരെ ചുമന്ന് നാല് കിലോമീറ്റർ നടന്നാണ് ക്യാമ്പിൽ എത്തിയത്. പരിക്കേറ്റവരെ ബേസ് ക്യാമ്പിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഇരുപത് തവണ ഹെലികോപ്റ്ററുകൾ പറന്നു. മൃതദേഹങ്ങളും കോപ്റ്ററുകളിൽ മാറ്റി.