അനാർക്കലി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് സച്ചി അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാനം ചെയ്തത്. അയ്യപ്പനും കോശിയുമായി ബിജുമേനോനും പൃഥ്വിരാജും നിറഞ്ഞാടിയ ചിത്രവും ഗംഭീരവിജയമാണ് നേടിയത്. ചിത്രം വിവിധ ഭാഷകളിൽ റിമേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. തമിഴിലും ബോളിവുഡിലും ഉൾപ്പെടെ വിവിധ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. എന്നാൽ തന്റെ പ്രിയചിത്രം ചിത്രം മറ്റുഭാഷകളിൽ റിലീസാകുന്നത് കാണാൻ ഇനി സച്ചിയില്ല. അതിനുമുൻപേ സച്ചിയെ മരണം വന്നുവിളിച്ചു.
തമിഴിനും ബോളിവുഡിനും പുറമേ കന്നഡയിലും തെലുങ്കിലും ചിത്രം റിമേക്ക് ചെയ്യുന്നുണ്ട്. ഹിന്ദിയിൽ ജോൺ എബ്രഹാം ആണ് ചിത്രം റീമേക്ക് ചെയ്യുന്നത്. തെലുങ്ക് റീമേക്കിൽ സൂപ്പർതാരം ബാലകൃഷ്ണ ഉൾപ്പെടെയുള്ള പേരുകളാണ് തുടക്കത്തിൽ കേട്ടിരുന്നതെങ്കിലും രവി തേജയും റാണ ദഗ്ഗുബട്ടിയും അയ്യപ്പനും കോശിയുമാകുമെന്നാണ് അവസാനം വന്ന റിപ്പോർട്ടുകൾ.
തമിഴ് റീമേക്കിൽ സൂര്യയും കാർത്തിയും ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നത്. എന്നാൽ അയ്യപ്പന്റെ റോളിൽ ശരത്കുമാറും, കോശിയായി ശശികുമാറും എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ആടുകളം, ജിഗർതണ്ട എന്നീ സിനിമകൾ നിർമ്മിച്ച എസ് കതിരേശനാണ് തമിഴിൽ നിർമ്മിക്കുന്നത്. സുരേഷ് പ്രൊഡക്ഷൻസും ഹാരിക ഹസൈൻ ക്രിയേഷൻസുമാണ് തെലുങ്കിൽ ചിത്രം നിർമ്മിക്കുന്നത്.