sachy

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഏതാനും മണിക്കൂറുകൾക്ക് മുൻപെയാണ് ഓർമയായത്. സിനിമ മാത്രം സ്വപ്നം കണ്ട് സിനിമയിലൂടെ സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കാം എന്ന് സ്വപ്നം കണ്ട സിനിമാക്കാരനായിരുന്നു സച്ചി എന്ന കെ.ആർ സച്ചിദാനന്ദൻ. മുഖ്യധാരാ സിനിമകളുമായി അകന്നു നിന്ന്, പിന്നെ സിനിമയിൽ നിന്നുതന്നെ അകന്ന്, അഭിഭാഷകനായി മാറിയ സച്ചിക്ക് മുന്നിലേക്ക് സിനിമ വീണ്ടും അതിന്റെ വാതിൽ തുറന്നിടുകയായിരുന്നു.

തിരക്കഥാകൃത്ത് സേതുവുമായി ചേർന്നാണ് സച്ചി തന്റെ ആദ്യത്തെ ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഷാഫിയുടെ സംവിധാനത്തിൽ പുറത്തിറങ്ങി, പൃഥ്വിരാജ്, ജയസൂര്യ, റോമ, സംവൃത സുനിൽ, രമ്യ നമ്പീശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ചോക്ലേറ്റ്' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യചിത്രം.

വിധിയുടെ തീരുമാനമായിരിക്കാം. പ്രിഥ്വിരാജ് നായകനായി എത്തിയ 'അനാർക്കലി'യിലൂടെ സംവിധായകനായി മാറിയ സച്ചിയുടെ അവസാന ചിത്രവും പൃഥ്വിരാജിനൊപ്പം തന്നെയായിരുന്നു. ബിജുമേനോനും പൃഥ്വിയും തകർത്താടിയ 'അയ്യപ്പനും കോശിയും അദ്ദേഹത്തെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി മാറുകയായിരുന്നു. എന്നാൽ ആ സന്തോഷം ഇന്ന് അവസാനിക്കുകയാണ്.

കൊമേർഷ്യൽ ചേരുവകളോടെ തന്നെ കലാമൂല്യമുള്ള ചിത്രങ്ങൾ അണിയിച്ചൊരുക്കിയ ഈ സംവിധായകൻ സിനിമയെ തന്റെ കരിയറിലെ ഏറ്റവും വലിയ ഉയർച്ചയിൽ നിൽക്കുമ്പോഴാണ് വിടപറയുന്നത്. ഇനിയും നിരവധി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്യേണ്ടിയിരുന്ന അദ്ദേഹം തന്റെ നാൽപ്പത്തിയെട്ടാം വയസിൽ വിടപറയുമ്പോൾ മലയാള സിനിമയ്ക്ക് ഉണ്ടാകുന്ന നഷ്ടം തീർത്താൽ തീരാത്തത് തന്നെയാണ്.