തിരുവനന്തപുരം: ഇന്നലെ അന്തരിച്ച സംവിധായകൻ സച്ചിക്ക് ശസ്ത്രക്രിയ നടത്തിയതിൽ പിഴവില്ലെന്ന് ചികിത്സിച്ച ഡോക്ടർ പ്രേംകുമാർ. ബോധം കെടുത്തുന്ന അനസ്തേഷ്യയല്ല സച്ചിക്ക് നൽകിയത്. ശസ്ത്രക്രിയയ്ക്ക് ശേഷവും ആരോഗ്യവാനായിരുന്നു. ഹൃദയാഘാതമുണ്ടായത് എട്ട് മണിക്കൂറിനുശേഷമാണ്.
സച്ചി നാലുതവണ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നുവെന്നും ഡോ: പ്രേംകുമാർ. പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാത്രി പത്തര മണിയോടെ ആയിരുന്നു. ഇടുപ്പിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായി മറ്റൊരു ആശുപത്രിയിൽ കഴിയവേയാണ് ഹൃദയാഘാതം ഉണ്ടായത്.
സച്ചിയുടെ സംസ്‌ക്കാരം വൈകീട്ട് 4.30 ന് കൊച്ചി രവിപുരം ശ്മശാനത്തിൽ നടക്കും. സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. രാവിലെ 9.30 മുതൽ 10വരെ ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പതിനഞ്ചോളം സിനിമകളുടെ തിരക്കഥാരചനയും സംവിധാനവും നിർവഹിച്ച സച്ചി മുപ്പതോളം നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.