ദാഹിച്ച് വലഞ്ഞ് വെള്ളം കുടിക്കാനെത്തുന്ന ജീവികളെ ജലാശയത്തിൽ പതുങ്ങിക്കിടന്ന് തക്കം കിട്ടുമ്പോൾ ആക്രമിച്ച് കീഴ്പ്പെടുത്താൻ കാത്തിരിക്കുന്ന മുതലകളെ കണ്ടിട്ടുണ്ടോ? ഒരു കരയിൽ നിന്ന് മറുകരയിലേക്ക് നീന്തിക്കടക്കുന്ന മൃഗങ്ങളേയും മുതലകൾ ഈ വിധം ആക്രമിച്ച് കീഴ്പെടുത്താറുണ്ട്. ഇത്തരത്തിൽ മാനിനെ ആക്രമിച്ച് ഇരയാക്കാൻ ഒരു മുതല ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ജലാശയത്തിൽ നിന്ന് വെള്ളം കുടിക്കാനെത്തിയതായിരുന്നു ഒരു മാൻ. വെള്ളം കുടിച്ച് തുടങ്ങിയപ്പോൾ വളരെ പെട്ടെന്നാണ് വെള്ളത്തിൽ പതുങ്ങിക്കിടന്ന മുതല മാനിനെ ആക്രമിക്കാനായി അതിന് നേരെ കുതിച്ചത്. എന്നാൽ അതേ വേഗതയിൽ തന്നെ, നിമിഷങ്ങൾക്കൊണ്ട് പിന്നിലേക്ക് ചാടിയ മാൻ തലനാരിഴയ്ക്കാണ് മുതലയുടെ പിടിയിൽ നിന്ന് തന്റെ ജീവൻ രക്ഷിച്ചെന്ന് പറയാം.ഉദ്യമം പരാജയപ്പെട്ട മുതല ഇളിഭ്യനായി വെള്ളത്തിലേക്ക് പിൻ വാങ്ങി. പക്ഷേ മുതല ആ ശ്രമം കൊണ്ടൊന്നും തോറ്റുമടങ്ങുന്നില്ല വീണ്ടും അടുത്ത ഇരയെ കാത്ത് വെള്ളത്തിൽ പതുങ്ങിക്കിടക്കുന്നതും ദൃശ്യത്തിൽ കാണാം. എന്തായാലും മാനിന്റെ രക്ഷപ്പെടലാണ് ഏറ്റവും കൗതുകമുണർത്തുന്നത്.