jet

അടുത്തിടെയാണ് അയർലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിൻ എയർപോർട്ടിൽ ജെറ്റ് എയർവേയ്സ് വിമാനം കിടക്കുന്ന ചിത്രം പ്രചരിച്ചത്. 1993-ൽ പ്രവർത്തനം ആരംഭിച്ച് കുറച്ചു കാലം ഇന്ത്യയുടെ വ്യോമയാന മേഖലയിൽ പ്രധാനിയായിരുന്നു ജെറ്റ് എയർവേയ്‌സ് എന്ന വിമാന കമ്പനി. എന്നാൽ സാമ്പത്തിക പരാധീനതകളിൽപെട്ട് കഴിഞ്ഞ വർഷം ഏപ്രിലിൽ ഈ എയർലൈൻ കമ്പനിക്ക് പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി പ്രവർത്തനം നിലച്ച ജെറ്റ് എയർവേയ്സിന്റെ ഒരു വിമാനം എങ്ങനെ ഇപ്പോൾ ഡബ്ളിൻ എയർപോർട്ടിൽ വരും? ആളുകളെ ആശയക്കുഴപ്പത്തിലാക്കിയ കാര്യത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഡബ്ളിൻ എയർപോർട്ട്.

ലവിങ് ഡബ്ലിൻ എന്ന വെബ്‌സൈറ്റ് മേയ് മാസത്തിൽ ലഭിച്ച മഴയെക്കാൾ കൂടുതൽ മഴ ഒരൊറ്റ ദിവസം കൊണ്ട് (ജൂൺ 17) ഡബ്ലിൻ എയർപോർട്ടിൽ പെയ്തു എന്ന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കൂടെ മഴ നനഞ്ഞു എയർപോർട്ടിൽ നിൽക്കുന്ന വിമാനത്തിന്റെ ചിത്രവും. ആ ചിത്രത്തിലാണ് ജെറ്റ് എയർവേയ്‌സ് ഉള്ളത്. അതെങ്ങനെ അടച്ചുപൂട്ടുന്നതിനിടയിൽ ഒരു ജെറ്റ് എയർവേയ്‌സ് വിമാനം ഡബ്ലിൻ പെട്ടുപോയോ എന്ന് വരെ ആളുകൾ ചിന്തിച്ചു.പക്ഷേ അതൊന്നുമല്ല കാര്യം വർത്തയോടൊപ്പം കൊടുത്ത ഫോട്ടോ മാറിപ്പോയതാണ് ചിത്രത്തിൽ കാണുന്ന വിമാനം ജെറ്റ് എയർവേയ്‌സ് തന്നെയാണ് എയർപോർട്ട് പക്ഷേ ഡബ്ലിൻ അല്ല. മുംബയ് ആണ്.

വാർത്തയിൽ ആവശ്യത്തിനായി ഒരു പ്രതീകാത്മക ഫയൽ ചിത്രം പോസ്റ്റ് ചെയ്തത് ഇത്രയും പൊല്ലാപ്പാവും എന്ന് ലവിങ് ഡബ്ലിൻ ഒട്ടും പ്രതീക്ഷിച്ചു കാണില്ല. ഒടുവിൽ ഡബ്ലിൻ എയർപോർട്ടിന്റെ ട്വിറ്റർ പേജ് തന്നെ തിരുത്തുമായി എത്തി . "അത് ഇവിടെയല്ല. മുംബയ് എയർപോർട്ടും മുംബയ് എയർപോർട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെറ്റ് എയർവെയ്‌സുമാണ് ചിത്രത്തിൽ," ഡബ്ലിൻ എയർപോർട്ടിന്റെ ട്വിറ്റർ പേജ് വ്യക്തമാക്കി.ഇപ്പോൾ കുറേക്കാലം ആയില്ലേ നമ്മൾ കണ്ടിട്ട് (ലോക്ക്ഡൗൺ മൂലം എയർപോർട്ടുകൾ അടച്ചിട്ടതുകൊണ്ട്). അതുകൊണ്ട് ഞങ്ങളെ ഇപ്പോൾ കാണാൻ എങ്ങനെ എന്നുള്ള കാര്യം ഒരു പക്ഷെ നിങ്ങൾ മറന്നുപോയിട്ടുണ്ടാകും." തമാശയും, ഒരല്പം പരിഹാസവും ചേർന്ന ഡബ്ലിൻ എയർപോർട്ടിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.