pic

തിരുവനന്തപുരം:കേന്ദ്രസ‍ർക്കാരിനും സംസ്ഥാന സ‍ർക്കാരിനും പ്രവാസികൾ നാട്ടിലേക്ക് വരേണ്ടതില്ലെന്ന നിലപാടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വന്ദേഭാരത് വിമാനങ്ങൾ കൃത്യമായി സ‍ർവീസ് നടത്തിയിരുന്നുവെങ്കിൽ കൂടുതൽ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങിയെത്താമായിരുന്നുവെന്നും അദേഹം പറഞ്ഞു. വന്ദേഭാരത് സർവീസുകൾ നേരെ നടക്കാത്തതിനാലാണ് പ്രവാസി സംഘടനകൾ ചാ‍ർട്ടേഡ് വിമാനങ്ങൾ സജ്ജമാക്കിയത്. അപ്പോഴാണ് അതിൽ വരുന്നവർക്കും വന്ദേഭാരത് വിമാനങ്ങളിൽ വരുന്നവ‍ർക്കും കൊവിഡ് നെ​ഗറ്റീവ് സ‍ർട്ടിഫിക്കറ്റ് നി‍ർബന്ധമാക്കിയത്. ​ഗൾഫിൽ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് നാട്ടിലേക്ക് വരാനുള്ള അവസരമാണ് ഇതിലൂടെ ഇല്ലാതെയായതെന്ന് ചെന്നിത്തല ആരോപിച്ചു.

ലോകകേരള സഭയോ നോ‍ർക്കയോ പ്രവാസികൾക്കായി ഒന്നും ചെയ്തിട്ടില്ല. എംബസികൾ പ്രവാസികളെ തിരിഞ്ഞു നോക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞ ട്രൂനാറ്റ് ടെസ്റ്റ് സൗദിയടക്കം പല രാജ്യങ്ങളിലുമില്ല. ഈ ട്രൂനാറ്റ് റാപ്പിഡ‍് ടെസ്റ്റിന് കേന്ദ്രസർക്കാർ പോലും ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും അദേഹം പറഞ്ഞു.

ടിക്കറ്റിന് പോലും പണമില്ലാതെ ആയിരക്കണക്കിന് പ്രവാസികൾ വിവിധ ലേബ‍ർ ക്യാമ്പുകളിൽ കുടുങ്ങികിടക്കുകയാണ്.സർക്കാർ പറഞ്ഞ സർട്ടിഫിക്കറ്റ് എവിടെ കിട്ടുമെന്ന് ചോദിച്ച അദേഹം സലാലയിലെ മലയാളികൾ പറയുന്നത് അവ‍ർക്ക് നാല് ദിവസം എങ്കിലും യാത്ര ചെയ്താൽ മാത്രമാണ് കൊവിഡ് ടെസ്റ്റ് നടത്താൻ സാധിക്കൂ എന്നാണെന്നും കൂട്ടിച്ചേർത്തു. പ്രവാസികളെ മടക്കി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരത്തിൽ സംസാരിക്കുകയായിരുന്നു അദേഹം.