ന്യൂഡൽഹി : ലഡാക്കിലെ ഗാൽവാൻ നദീ തീരത്തെ സംഘർഷത്തിന് അയവു വരുത്തി ചൈന തട്ടിക്കൊണ്ടു പോയ ഇന്ത്യൻ സൈനികരെ നിരുപാധികം വിട്ടയച്ചതായി റിപ്പോർട്ട്. സൈനികരിൽ ഒരാളെ പോലും കാണാതായിട്ടില്ലെന്ന് ഇന്ത്യൻ സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു ലഫ്. കേണലും മൂന്ന് മേജർമാരും അടക്കം 10 സൈനികരെയാണ് സംഘർഷത്തിനിടെ ചൈന തടവിലാക്കിയതെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. 1962ലെ ഇന്ത്യ - ചൈന യുദ്ധത്തിന് ശേഷം ആദ്യമായിട്ടാണ് ചൈന ഇത്തരം ഒരു നടപടിക്ക് മുതിരുന്നത്. മടങ്ങിയെത്തിയ സൈനികരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമേ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കുകയുള്ളൂ.
എന്നാൽ ഗാൽവനിലെ സംഘർഷത്തിനു ശേഷം മൂന്ന് ദിവസമായി മേജർ ജനറൽ തലത്തിൽ മൂന്ന് ഘട്ട ചർച്ചകൾ ഇന്ത്യയും ചൈനയും നടത്തിയിരുന്നു. ഈ ചർച്ചകളുടെ ഫലമായിട്ടാണ് സൈനികരെ മോചിപ്പിക്കുവാൻ കഴിഞ്ഞതെന്ന് റിപ്പോർട്ടുകളുണ്ട്. സൈനികർ ചൈനീസ് കസ്റ്റഡിയിലുണ്ടെന്ന വാദത്തെ കരസേനയിലെ ഉന്നത ഉദ്യോഗസ്ഥർ തള്ളിയിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ‌്‌ശങ്കറും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്. അതേസമയം ചൈനയുമായി സംഘർഷമുണ്ടായതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗം ഇന്നു നടക്കും. വീഡിയോ കോൺഫറൻസിംഗിലൂടെയാവും ചർച്ച. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും കാത്തുസൂക്ഷിക്കുന്ന നടപടികൾക്ക് സർക്കാരിന് എല്ലാ പാർട്ടികളും പൂർണമായ പിന്തുണ പ്രഖ്യാപിക്കുവാനാണ് സാദ്ധ്യത. ഇത് സർക്കാരിന് ഈ വിഷയത്തിൽ ശക്തമായ തീരുമാനമെടുക്കാൻ ആത്മവിശ്വാസം നൽകും.
ലഡാക്കിലെ ആക്രമണത്തിൽ എഴുപത്തിയാറ് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റിരുന്നു, ഇതിൽ നാലു പേരുടെ പരിക്ക് ഗുരുതരമായിരുന്നു. എന്നാൽ ഇവർ അപകടനില തരണം ചെയ്തതായി സൈന്യം അറിയിച്ചിട്ടുണ്ട്. ഗൽവാനിലെ പട്രോൾ പോയിന്റ് 14ലുണ്ടായ സംഘർഷത്തിന്റെ പൂർണ ഉത്തരവാദിത്തം ചൈനയ്ക്കാണെന്ന നിലപാട് ആവർത്തിച്ച ഇന്ത്യ, ചൈന പിൻമാറാതെ സൈനികരെ പിൻവലിക്കില്ലെന്നും വ്യക്തമാക്കി. പടനീക്കം ശക്തമാക്കുന്ന പ്രവർത്തികൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ സൈന്യം പ്രാമുഖ്യം നൽകുന്നത്.