pic

വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ സഹോദരി ജീൻ കെന്നഡി സ്മിത്ത്(92) അന്തരിച്ചു. മാൻഹട്ടണിലെ വീട്ടിലായിരുന്നു അന്ത്യം. തൊണ്ണൂറുകളിൽ അയർലൻഡിലെ യു.എസ് അംബാസഡറായിരുന്നു. ജീനിന്റെ മരണത്തോടെ കെന്നഡി സഹോദരങ്ങളിലെ അവസാന കണ്ണിയും ഇല്ലാതായി. ജോസഫ് റോസ് കെന്നഡി ദമ്പതികളുടെ ഒമ്പതു മക്കളിൽ എട്ടാമത്തേതായിരുന്നു ജീൻ.

ഭിന്നശേഷിയുള്ള കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികൾ ഉൾപ്പെടെയുള്ള സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ജീൻ. 2011ൽ അന്നത്തെ പ്രസിഡന്റായിരുന്ന ബറാക് ഒബാമ ജീനിന് രാജ്യത്തെ ഏറ്റവും വലിയ പരമോന്നത ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം നൽകി ആദരിച്ചിരുന്നു. കിം, അമാൻഡ, സ്റ്റീഫൻ ജൂനിയർ, വില്യം എന്നിവരാണ് മക്കൾ.