മലയാള സിനിമയുടെ അതുല്യ എഴുത്തുകാരനും സംവിധായകനുമായ സച്ചിയുടെ അകാല വിയോഗത്തിൽ വിതുമ്പുകയാണ് മലയാള സിനിമ.നിരവധി താരങ്ങളാണ് തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെ പ്രിയപ്പെട്ട സംവിധായകന് അന്ത്യാഞ്ജലി അർപ്പിച്ചിരിക്കുന്നത്.
നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ്,സുരാജ് വെഞ്ഞാറമ്മൂട്, നിവിൻ പോളി, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ അജു വർഗ്ഗീസ്, കൃഷ്ണശങ്കർ, നീരജ് മാധവ്, കുഞ്ചാക്കോ ബോബൻ, സണ്ണി വെയ്ൻ, ഇന്ദ്രജിത്ത് സുകുമാരൻ, ശങ്കർ, നടിമാരായ മഞ്ജു വാര്യർ, പാർവ്വതി, മാളവിക മേനോൻ, ശിവദ, നസ്രിയ ഫഹദ്, ഐമ റോസ്മി, അപർണ നായർ, ഗായികയും അവതാരകയുമായ റിമി ടോമി തുടങ്ങി നിരവധി പേരാണ് സച്ചിയുടെ വിയോഗത്തെ തുടർന്ന് ഹൃദയത്തിൽ നിന്നുള്ള വാക്കുകളോടെ സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ കുറിച്ചിരിക്കുന്നത്.
നഷ്ടപ്പെടരുതെന്ന് ഒരുപാട് ആഗ്രഹിച്ച, പ്രാർത്ഥിച്ച ഒരു നഷ്ടം കൂടി... ഒത്തിരി നേരത്തെയാണ് ഈ യാത്ര...ഒരുപാട് കാതലും കഴമ്പുമുള്ള കഥകൾ മനസ്സിലുള്ള ഒരു എഴുത്തുകാരൻ. പ്രതിഭയാർന്ന ഒരുപാട് സിനിമകൾ ഇനിയും പ്രേക്ഷകർക്ക് നൽകാനുള്ള സംവിധായകൻ. അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്. അതായിരുന്നു സച്ചിയേട്ടൻ. നഷ്ടമായത് ഒരു സഹപ്രവർത്തകനെ മാത്രമല്ല... നല്ലൊരു സുഹൃത്തിനെയും സഹോദരനെയുമാണ്..! നഷ്ടങ്ങളുടെ നിരയിലേക്ക് ഇപ്പോഴൊന്നും ഇടം പിടിക്കരുതായിരുന്ന വിജയങ്ങളുടെ മാത്രം തോഴൻ... പകരം വെക്കാനില്ലാത്ത ആ കഥാപാത്രങ്ങളിലൂടെ തന്നെ സച്ചിയേട്ടൻ ഇനിയും ജീവിക്കും. ആദരാജ്ഞലികൾ സച്ചിയേട്ടാ. സുരാജ് വെഞ്ഞാറമ്മൂട് കുറിച്ചു.
ഏത്ര പെട്ടെന്നാണ് നിന്റെ യാത്ര, ഒരു മുന്നറിയിപ്പുമില്ലാതെ നീ പോയി, ജീവിതത്തിൽ ഒരുപാടിഷ്ടപ്പെട്ടിരുന്നു, ഇപ്പോഴും ഇഷ്ടപ്പെടുന്നു. നിൻ്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ആദരാഞ്ജലികളർപ്പിച്ചുകൊണ്ട് നടൻ ബിജു മേനോൻ കുറിച്ചത് ഇങ്ങനെയാണ്.
ബോളിവുഡ് നടൻ ജോൺ എബ്രഹാം സച്ചിയുടെ മരണവാർത്തയിൽ തകർന്നുപോയെന്നും അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെയെന്നും ട്വീറ്റ് ചെയ്തു.പൃഥ്വിരാജ്-ബിജു മേനോൻ ഒന്നിച്ച അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനിരിക്കുകയായിരുന്നു. ജോൺ അബ്രഹാമിന്റെ ജെ.എ എന്റർടൈന്മെന്റ്സാണ് ചിത്രത്തിന്റെ റീമേയ്ക് അവകാശം സ്വന്തമാക്കിയത്.