ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.പി അൻപഴകന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധർമ്മപുരിയിലും ചെന്നൈയിലും സർക്കാരിന്റെ കൊവിഡ് സഹായ വിതരണത്തിന് മുന്നിലുണ്ടായിരുന്ന മന്ത്രിയാണ് അൻപഴകൻ. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അണ്ണാ ഡി.എം.കെയുടെ ഒരു എം.എൽ.എയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. രാജ്യത്ത് ആദ്യമായി ഒരു ജനപ്രതിനിധി കൊവിഡ് ബാധിച്ച് മരിച്ചതും തമിഴ്നാട്ടിലാണ്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡി.എം.കെ എം.എൽ.എ ജെ.അൻപഴകനാണ് മരണത്തിന് കീഴടങ്ങിയത്. ചെന്നൈ ചെപ്പോക്ക് മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള നാല് ജില്ലകളിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക് ഡൗൺ നടപ്പിലാകും. പലചരക്ക്- പച്ചക്കറി കടകൾ ഉച്ചയ്ക്ക് രണ്ട് മണി വരെ തുറന്ന് പ്രവർത്തിക്കും. ഓട്ടോ-ടാക്സി സർവീസുകൾ ഉണ്ടാകില്ല. ഈ മാസം 30 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.