army-border-

ന്യൂഡൽഹി : ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ഇന്ത്യൻ സൈനികരെ ചതിക്കെണിയൊരുക്കി അപായപ്പെടുത്തിയ ചൈനയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ കോലം കത്തിച്ചാണ് ജനക്കൂട്ടം പ്രതിഷേധിക്കുന്നത്. ചൈനയുടെ ഉത്പന്നങ്ങളെ വിലക്കണമെന്ന ആവശ്യവും പ്രതിഷേധക്കാർ ഉയർത്തുന്നുണ്ട്. എന്നാൽ വിപുലമായ ബഹിഷ്‌കരണം യാഥാർത്ഥ്യമാവുമെന്ന് പറയുവാൻ കഴിയില്ലെന്ന് മുൻ ഇന്ത്യൻ അംബാസിഡറും വിദേശകാര്യ വിദഗ്ദ്ധനുമായ പ്രൊഫ. കെ.പി. ഫാബിയാൻ അഭിപ്രായപ്പെടുന്നു.

ചൈനയെ ശരിക്കും മനസിലാക്കുവാൻ ഇന്ത്യയ്ക്ക് കഴിയുന്നില്ല. അൽപ്പാൽപ്പം ഇന്ത്യയുടെ പ്രദേശങ്ങളെ കൈവശപ്പെടുത്തുന്നതാണ് അവരുടെ രീതി. പറയുന്നത് പോലെയല്ല പ്രവൃത്തി. അതുകൊണ്ടുതന്നെ ഭിന്നതകൾ ഇല്ലാതാക്കാൻ നടത്തുന്ന നയതന്ത്ര ശ്രമങ്ങൾ വിഫലമാവുകയും ചെയ്യുന്നു. ചൈനയെ നിലയ്ക്ക് നിർത്തി ചർച്ചകളിലേക്ക് കൊണ്ടുവരാൻ ഒരു ഉപായവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. അതിർത്തിയിൽ ചൈന ഒരു പോയിന്റിൽ കടന്നു കയറിയാൽ മറ്റൊരു പോയിന്റിൽ ഇന്ത്യ കടന്നുകയറണം. ഇത്തരത്തിൽ പലപോയിന്റുകളിൽ കടന്നുകയറ്റം സംഭവിക്കുമ്പോൾപരസ്പര ധാരണയിൽ ചർച്ചയ്ക്കും സൈനിക പിൻമാറ്റത്തിനും വഴിയൊരുങ്ങും.

ലഡാക്കിലെ സംഘർഷം പുറത്തറിഞ്ഞ ഉടൻ ബീജിംഗിൽ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി ചൈന പ്രതിഷേധമറിയിച്ചു. ന്യൂഡൽഹിയിൽ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിക്കാൻ ഇന്ത്യ തയ്യാറായില്ലെന്നും കെ.പി. ഫാബിയാൻ അഭിപ്രായപ്പെടുന്നു.